ന്യൂഡൽഹി: ഇന്ത്യയിൽ പാവപ്പെട്ടവനും ധനികനും തമ്മിലുള്ള അന്തരം വർധിക്കുന്നുവെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യ സമ്പന്നമായെങ്കിലും ജനങ്ങൾ ദരിദ്രരാണെന്ന് അദ്ദേഹം പറഞ്ഞു. നാഗ്പുരിൽ ആർഎസ്എസ് അനുകൂല സംഘടനയുടെ വേദിയിലാണ് ഗഡ്കരി തുറന്നടിച്ചത്. ഗഡ്കരിയുടെ പ്രസംഗം വീണ്ടും ബിജെപിയെ വെട്ടിലാക്കി.
ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായെങ്കിലും ജനങ്ങൾ ദരിദ്രരാണെന്നാണ് ഗഡ്കരി പറഞ്ഞത്. പട്ടിണി, തൊഴിലില്ലായ്മ, ജാതിവ്യവസ്ഥ, തൊട്ടുകൂടായ്മ, വിലക്കയറ്റം എന്നിവ ഇപ്പോഴും ജനങ്ങളെ കഷ്ടത്തിലാക്കുന്നു. – ഭാരത് വികാസ് പരിഷത് വേദിയിൽ അദ്ദേഹം പറഞ്ഞു.
നേരത്തെ ബിജെപി പാർലമെൻ്ററി ബോർഡിൽനിന്ന് നിതിൻ ഗഡ്കരിയെ ഒഴിവാക്കിയിരുന്നു. വാജ്പേയി, എൽ.കെ.അഡ്വാനി, ദീൻദയാൽ ഉപാധ്യായ എന്നിവർ നടത്തിയ ത്യാഗങ്ങളുടെ ഫലമാണ് നരേന്ദ്രമോദിക്കു കീഴിൽ ഇപ്പോൾ ബിജെപിക്കുണ്ടായിരിക്കുന്ന വളർച്ചയെന്ന് ഗഡ്കരി പ്രസംഗിച്ചിരുന്നു. ആരെയും ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ് രസിക്കരുത്. നല്ലകാലത്തും ചീത്തക്കാലത്തും അവരോടൊപ്പമുണ്ടാകണം. സർക്കാർ ശരിയായ സമയത്ത് തീരുമാനമെടുക്കാത്തതുകൊണ്ടാണ് പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്നും നിതിൻ ഗഡ്കരി മുൻപ് ആരോപിച്ചിരുന്നു.