കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂർ എംപി നാമനിർദേശ പത്രിക സമർപ്പിച്ചു. തെരഞ്ഞെടുപ്പ് വരണാധികാരി മധുസൂദൻ മിസ്ത്രിയ്ക്കാണ് നാമനിർദേശ പത്രിക നൽകിയത്. അൽപ്പസമയത്തിനകം തരൂർ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കും. ജയത്തിനപ്പുറം തൻ്റെ മത്സരത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് ശശി തരുർ വ്യക്തമാക്കി.
നാമനിർദേശ പത്രിക നൽകി തുടങ്ങിയ ആദ്യ ദിവസം തന്നെ ശശി തരൂർ പത്രിക വാങ്ങിയിരുന്നു. എന്നാൽ ശശി താരരൂരിൻ്റെ മത്സരിക്കാനുള്ള തീരുമാനത്തിനെതിരെ കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാക്കളും കെപിസിസിയും രംഗത്ത് വന്നിരുന്നു. എന്നാൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശബരിനാഥൻ ശശി തരൂരിന് പിന്തുണയുമായി രംഗത്ത് വന്നു. തരൂരിനെ പിന്തുണയ്ക്കാൻ അഞ്ച് കരണങ്ങളുണ്ടെന്ന് ശബരിനാഥൻ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം മല്ലികാർജ്ജുൻ ഖാർഗെയും എഐസിസി ആസ്ഥാനത്തെത്തി. അൽപ്പസമയത്തിനകം അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിക്കും. മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി മല്ലിഗാർജ്ജുൻ ഖാർഗെയെ പിന്തുണച്ച് പത്രികയിൽ ഒപ്പിട്ടു. ഗാന്ധി കുടുംബം പിന്തുണയ്ക്കുന്ന ഔദ്യോഗിക സ്ഥാനാർത്ഥിയാണ് മല്ലിഗാർജ്ജുൻ ഖാർഗെ. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്നാണ് മല്ലിഗാർജ്ജുൻ ഖാർഗെ മത്സരിക്കുമെന്ന് വ്യക്തമാക്കിയത്.
നേരത്തെ മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ദ്വിഗ് വിജയ് സിംഗ് മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. മത്സരിക്കാൻ നാമനിർദേശ പത്രിക വാങ്ങിയ അദ്ദേഹം മല്ലിഗാർജ്ജുൻ ഖാർഗെ മത്സരിക്കുമെന്ന് വ്യക്തമാക്കിയതോടെ പിന്മാറുകയായിരുന്നു. മല്ലിഗാർജ്ജുൻ ഖാർഗെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മത്സരിക്കില്ലെന്ന തീരുമാനം ദ്വിഗ് വിജയ് സിംഗ് അറിയിച്ചത്. രാവിലെ എഐസിസി ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച.
നീണ്ട ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടബർ പതിനേഴിനാണ് തെരഞ്ഞെടുപ്പ്. ഒക്ടബർ പത്തൊൻമ്പതിനാണ് വോട്ടെണ്ണൽ.