ന്യൂഡൽഹി: അവിവാഹിതരായ സ്ത്രീകൾക്കും നിയമപരമായ ഗർഭഛിദ്രത്തിന് അവകാശമുണ്ടെന്നാണ് സുപ്രീംകോടതി. ഗർഭഛിദ്രം നടത്തുന്നതിനുള്ള അവകാശത്തിൽ നിന്ന് അവിവാഹിതകളെ ഒഴിവാക്കുന്ന മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ചട്ടങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.
‘വിവാഹിതരായ സ്ത്രീകളും പീഡന ഇരകളുടെ ഗണത്തിൽ തന്നെ ഉൾപ്പെടും. പീഡനമെന്നാൽ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധമാണ്. ഇത്തരം അതിക്രമങ്ങളിൽ സ്ത്രീകൾ ഗർഭണിയാകാം. ഈ സാഹചര്യത്തിൽ ഗർഭഛിദ്രം നടത്താം’- കോടതി വ്യക്തമാക്കി.
ഗർഭഛിദ്രവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഭർത്താവിൻ്റെ ലൈംഗിക പീഢനവും ബലാത്സംഗമായി കണക്കാക്കാമെന്നും കോടതി വ്യക്തമാക്കി. സുരക്ഷവും നിയമപരവുമായ ഗർഭഛിദ്രത്തിന് എല്ലാ സ്ത്രീകൾക്കും അവകാശമുണ്ടെന്ന്, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എഎസ് ബൊപ്പണ്ണ, ജെബി പർദിവാല എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഗർഭഛിദ്ര നിയമത്തിൽ 2021ൽ വരുത്തിയ ഭേദഗതിയിൽ വിവാഹിത, അവിവാഹിത വേർതിരിവ് ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
24 ആഴ്ചയ്ക്ക് താഴെ പ്രായമുള്ള ഗർഭം ഒഴിവാക്കുന്നതിന് വിവാഹിതരായ സ്ത്രീകൾക്കും അവിവാഹിത സ്ത്രീകൾക്കും ഒരേ പോലെ അവകാശമുണ്ടെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ഗർഭം ധരിക്കണോ വേണ്ടെയോ എന്നത് ഒരു സ്ത്രീയുടെ അവകാശമാണെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഗർഭഛിദ്രം സ്വന്തം നിലക്ക് തന്നെ സ്ത്രീകൾക്ക് തീരുമാനിക്കാം. ഭർത്താവ് അടക്കം ആർക്കും അതിൽ ഇടപെടാൻ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി.
ഗർഭഛിദ്രത്തിന് അനുമതി തേടി അവിവാഹിതയായ ഇരുപത്തിയഞ്ചുകാരി നൽകിയ ഹർജിയാണ് സുപ്രീം കോടതി പരഗിണിച്ചത്. 23 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ അനുമതി നിഷേധിച്ച ഡൽഹി ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്.