ബിഹാറിലെ സ്കൂളിൽ പെൺകുട്ടികൾക്ക് സാനിറ്ററി പാഡുകൾ വിതരണം ചെയ്യാൻ നിർദേശിച്ച് ചോദ്യമുന്നയിച്ച വിദ്യാർത്ഥിനിയോട് കയർത്ത് ഐഎഎസ് ഉദ്യോഗസ്ഥ. ബിഹാറില്‍ 9-10 ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ശിശു-വനിതാക്ഷേമ വകുപ്പ് സംഘടിപ്പിച്ച സംവാദ പരിപാടിക്കിടെയായിരുന്നു സംഭവം. 20 – 30 രൂപയ്ക്ക് പെൺകുട്ടികൾക്ക് സാനിറ്ററി പാഡുകൾ വിതരണം ചെയ്യാൻ കഴിയുമോ എന്നായിരുന്നു വിദ്യാർത്ഥിനിയുടെ ചോദ്യം. ഇതിന് ഐഎഎസ് ഉദ്യോഗസ്ഥ ഹര്‍ജോത് കൗര്‍ ഭമ്രയുടെ പ്രതികരണം ‘നാളെ നിങ്ങൾ സർക്കാരിനോട് ജീൻസ് നൽകണമെന്നും, തുടർന്ന് ഷൂസ് നൽകണമെന്നും, അവസാനം കുടുംബാസൂത്രണത്തിനുള്ള ഉപാധി, അതായത് കോണ്ടവും നൽകണമെന്നും ആവശ്യപ്പെടും’ എന്നായിരുന്നു. ജനങ്ങളുടെ വോട്ട് ലഭിച്ചാണ് സർക്കാർ വന്നതെന്ന വിദ്യാർത്ഥിനിയുടെ മറുപടിക്ക് ആ ചിന്ത വിഡ്ഡിത്തമാണെന്നായിരുന്നു ഉദ്യോഗസ്ഥയുടെ അടുത്ത മറുപടി. അങ്ങനെയാണെങ്കിൽ വോട്ട് ചെയ്യണ്ടെന്നും പാകിസ്താനാവുകയാണോ ഉദ്ദേശം എന്നുമായിരുന്നു അടുത്ത പ്രതികരണം.
സ്കൂളിലെ ശുചിമുറിയുടെ ശോചനീയാവസ്ഥയെ കുറിച്ചുള്ള മറ്റൊരു പെൺകുട്ടിയും ചോദ്യമുന്നയിച്ചിരുന്നു. പെണ്‍കുട്ടിയുടെ ശുചിമുറിക്ക് സുരക്ഷയില്ലെന്നും ആണ്‍കുട്ടികള്‍ അവിടേക്ക് വരുന്നുവെന്നുമായിരുന്നു കുട്ടിയുടെ ആശങ്ക. എന്നാല്‍ ‘ വീട്ടില്‍ നിങ്ങള്‍ക്ക് പ്രത്യേകം ശുചിമുറിയുണ്ടോ? എപ്പോഴും നിങ്ങള്‍ പലസ്ഥലങ്ങളിലായി പല കാര്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ അത് എങ്ങനെ നടക്കുമെന്നായിരുന്നു ഉദ്യോഗസ്ഥയുടെ മറുപടി. എല്ലാം സര്‍ക്കാര്‍ നല്‍കണമെന്ന ചിന്ത എന്തുകൊണ്ടാണ്? ഈ ചിന്ത തെറ്റാണ്. ഇതൊക്കെ നിങ്ങള്‍ സ്വയം ചെയ്യൂ’ എന്നും അവർ വാദിച്ചു.
സംവാദത്തിൻ്റെ വീഡിയോ പുറത്തുവന്നതോടെ സംഭവം വിവാദത്തിലായി. എന്നാൽ താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു എന്നാണ് ഹര്‍ജോത് കൗര്‍ ഭമ്രയുടെ പ്രതികരണം. വകുപ്പുതല പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ ഭമ്ര താൻ സ്ത്രീകളുടെ അവകാശങ്ങള്‍ക്കും ശാക്തീകരണത്തിനുമായി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നയാളാണെന്നും സമൂഹത്തിൽ തനിക്കുള്ള വില തകർന്നാണ് ഇത്തരം വാദങ്ങളെന്നും കൂട്ടിച്ചേർത്തു.