അയോധ്യയിലെ പ്രൈമറി സ്കൂളിൽ ഉച്ചഭക്ഷണമായി നൽകിയത് ഉപ്പും ചോറും. സ്കൂൾ അങ്കണത്തിൽ വെറും നിലത്തിരുത്തിയാണ് വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകിയത്. ചോറിനൊപ്പം മറ്റു കറികൾ ഒന്നുമുണ്ടായിരുന്നില്ല. അയോധ്യയിലെ ചൗരേബസാറിലെ ദിഹ്‌വ പാണ്ഡെ പ്രൈമറി സ്കൂളിലാണ് സംഭവം. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഏക്താ യാദവിനെ സസ്‌പെൻഡ് ചെയ്തു. അയോധ്യ ജില്ലാ മജിസ്‌ട്രേറ്റ് നിതീഷ് കുമാറാണ് പ്രിൻസിപ്പലിനെതിരെ നടപടിയെടുത്തത്.
വിദ്യാർത്ഥികൾ ഉച്ചഭക്ഷണം കഴിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് ജില്ലാ മജിസ്‌ട്രേറ്റ് പ്രിൻസിപ്പലിനെതിരെ നടപടിയെടുത്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും സമയാസമയങ്ങളിൽ അപ്രതീക്ഷിത പരിശോധനകൾ നടത്താനും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണമായി വെറും ചോറുമാത്രം കൊടുക്കുന്ന കാര്യം രക്ഷിതാക്കൾ നേരത്തെ അറിഞ്ഞിരുന്നു. ഇതിനെതിരെ പ്രതിഷേധികച്ചെങ്കിലും ഫലം കണ്ടില്ല.
സംഭവത്തിനെതിരെ നടൻ പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു പ്രകാശ് രാജിൻ്റെ പ്രതിഷേധം. മാധ്യമപ്രവർത്തകനായ പീയുഷ് റായിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയായിരുന്നു പ്രക്ഷ രാജ്. ഗായിക ലതാ മങ്കേഷ്കറിൻ്റെ 93-ാം ജന്മദിനത്തോടനുബന്ധിച്ച് 40 അടി നീളമുള്ള ഒരു ഭീമൻ വീണ കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ അയോധ്യയിൽ സ്ഥാപിച്ചിരുന്നു. മുതിർന്ന ബിജെപി നേതാവും യുപി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥാണ് ‘ലതാ മങ്കേഷ്‌കർ ചൗക്ക്’ ഉദ്ഘാടനം ചെയ്തത്. കോടികൾ മുടക്കി വീണ സ്ഥാപിക്കുമ്പോൾ അയോധ്യയിലെ ഒരു പ്രൈമറി സ്കൂളിൽ കുട്ടികളുടെ ഉച്ചഭക്ഷണം ഉപ്പും ചോറുമാണ് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പീയുഷ് റായ് ട്വീറ്റ് ചെയ്തത്.