ദില്ലി: കോൺഗ്രസ് പ്രസിഡൻറ് സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന് കോൺഗ്രസ് എംപി. കോൺഗ്രസ് എംപി അബ്ദുൽ ഖലീകാണ് പ്രിയങ്ക മത്സരിക്കണമെന്ന് ട്വീറ്റിലൂടെ ആവശ്യപ്പെട്ടത്. ‘ഗാന്ധി കുടുംബത്തിൽ’ പെടുന്നയാളല്ലെന്നും വാദ്ര ഫാമിലിയിലെ മരുമോളാണ് അവരെന്നും. അതിനാൽ മത്സരിക്കാൻ അർഹയാണ് എന്നുമാണ് കോൺഗ്രസ് എം.പി അബ്ദുൽ ഖലീക് ട്വീറ്റ് ചെയ്തത്.
”രാഹുൽ ഗാന്ധി പ്രസിഡൻറാകാൻ തയ്യാറാകാത്ത സാഹചര്യത്തിൽ പ്രിയങ്കാ ഗാന്ധിയാണ് സ്ഥാനത്തേക്ക് അനുയോജ്യയായത്. വാദ്ര കുടുംബത്തിലെ മരുമകളായതിനാൽ ഭാരതീയ പാരമ്പര്യമനുസരിച്ച് പ്രിയങ്ക ഗാന്ധി ഇനിമുതൽ ഗാന്ധി കുടുംബത്തിൽ അംഗമല്ല, അവർക്ക് പ്രസിഡന്റാകാം’– അബ്ദുൽ ഖലീക് ട്വീറ്റ് ചെയ്തു. കോൺഗ്രസിൻ്റെ അസാമിലെ ബാരപേട്ടിൽ നിന്നുള്ള കോൺഗ്രസ് എംപിയാണ് അബ്ദുൽ ഖലീക്.
അതേ സമയം മുതിർന്ന നേതാവ് ദിഗ് വിജയ് സിംഗ് കോൺഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കും. നാളെ പത്രിക സമർപ്പിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നവരുടെ എണ്ണം രണ്ടായി. നേരത്തെ ശശി തരൂർ എംപി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.