ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുറച്ച് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ് വിജയ് സിംഗ്. ഇന്ന് രാത്രി തലസ്ഥാനത്തെത്തി അദ്ദേഹം നാമ നിർദേശ പത്രിക വാങ്ങുമെന്നാണ് വിവരം. നാളെയാണ് പത്രികാ സമർപ്പണത്തിനുള്ള അവസാന തീയതി. ഇന്ന് അദ്ദേഹം മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും. ഭാരത് ജോഡോ യാത്രയിൽ നിന്ന് ദിഗ് വിജയ് സിംഗ് ഇന്നലെ ഡൽഹിയിലേക്ക് തിരിച്ചിരുന്നു.
രാജസ്ഥാൻ നേതൃത്വ പ്രശ്നവും പാർട്ടി അദ്ധ്യക്ഷ തെരഞ്ഞെടുപ്പും ചർച്ച ചെയ്യാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്നലെ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ കെ ആന്റണിയുമായി ഒരു മണിക്കൂർ കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടിക്ക് ഈ കാലഘട്ടത്തിന് അനുയോജ്യനായ അധ്യക്ഷനുണ്ടാകുമെന്നും 2024-ലെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ കോൺഗ്രസ് ശക്തമായി മുന്നിൽ നിന്ന് നയിക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
നിലവിൽ ശശി തരൂർ മാത്രമാണ് കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുള്ളത്. നാളെ അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. നാളെ 3 മണിവരെയാണ് പത്രിക സമർപ്പിക്കാനാവുക. അതിനിടെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അധ്യക്ഷ സ്ഥാനാർത്ഥിയാക്കുന്നതിനായി കോൺഗ്രസിൽ വീണ്ടും സമവായ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഗെലോട്ട് ഇപ്പോഴും പരിഗണനയിൽ ഉണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യകത്മാക്കി.