പിഎഫ്ഐക്കും അനുബന്ധ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയ നടപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രധാനമായും ഏഴ് കാര്യങ്ങളാണ് ചൂണ്ടികാട്ടുന്നത്. അതിൽ കേരളത്തിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ മൂന്ന് കൊലപാതകങ്ങളും ഉൾപ്പെടുന്നു. സജ്ഞിത്ത്, നന്ദു, അഭിമന്യൂ കൊലപാതകങ്ങളും പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള കാരണങ്ങളാണ്. നിയമവിരുദ്ധ സംഘടനായി പ്രഖ്യാപിച്ച് അഞ്ച് വർഷത്തേക്കാണ് കേന്ദ്രസർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്. റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ് ഓർഗനൈസേഷൻ, നാഷണൽ വുമൺ ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യാ ഫൗണ്ടേഷൻ, റിഹേബ് ഫൗണ്ടേഷൻ എന്നീ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
1. രാജ്യത്തെ ഭരണഘടനാ സംവിധാനങ്ങളെ തകർക്കുന്ന തരത്തിൽ ക്രിമിനൽ, ഭീകര പ്രവർത്തനങ്ങളിൽ സംഘടന ഉൾപ്പെട്ടു. രാജ്യത്തിൻ്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന തരത്തിൽ പുറത്ത് നിന്നും ഫണ്ട് സ്വീകരിക്കുന്നു.
2. പിഎഫ്ഐയും അനുബന്ധ സംഘടനകളും ആക്രമണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാണ് വിവിധ കേസുകളിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. കോളേജ് പ്രൊഫസറുടെ കൈവെട്ടിയ കേസ്, മറ്റ് മതവിശ്വാസത്തിൽ പ്രവർത്തിക്കുന്നവരുടെ ക്രൂര കൊലപാതകം, പൊതുസ്വത്ത് നശിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ പങ്ക്.
3. നിരവധി തീവ്രവാദ പ്രവർത്തനങ്ങളിലും കൊലപാതങ്ങളിലും സംഘടനക്ക് പങ്കുണ്ട്. സഞ്ജിത്ത് (കേരളം, നവംബർ 2021), വി രാമലിംഗ് (തമിഴ്നാട്, 2019), നന്ദു (കേരളം 2021), അഭിമന്യൂ (കേരളം 2018), ബിപിൻ (കേരളം 2017), ശരത് (കർണാടക 2017,) ആർ രുന്ദ്രേഷ് (കർണാടക 2016), പ്രവീൺ പൂജാരി (കർണാടക 2016, ശശി കുമാർ (തമിഴ് നാട് 2016), പ്രവീൺ നെട്ടാരു( 2022), തുടങ്ങിയ കൊലപാതകങ്ങളിൽ പിഎഫ്ഐക്ക് പങ്കുണ്ട്.
4. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് ആഗോള തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ട്. സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിവരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ ( ഐഎസ്ഐഎസ്), ജമാത്- ഉൽ-മുജാഹിദീൻ ബംഗ്ലാദേശ് എന്നീ തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.
5. പിഎഫ്ഐ നേതാക്കളും സംഘടനാപ്രവർത്തകരും ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നും ബാങ്കിംഗ് ചാനൽ വഴിയും, ഹവാല, ഡൊണേഷൻ എന്നിവയിലൂടെയും പണം ശേഖരിക്കുന്നു. ക്രിമിനൽ നിയമവിരുദ്ധ, തീവ്രവാദ പ്രവർത്തനങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കാനാണ് ഫണ്ട് ഉപയോഗിക്കുന്നത്.
6. ബാങ്കിംഗ് വ്യവസ്ഥകൾക്ക് അനുസരിച്ചായിരുന്നില്ല അക്കൗണ്ടുകളുടെ പ്രവർത്തനം. അതിനാൽ ഇൻകം ടാക്സ് ഡിപ്പാർട്മെന്റ് രജിസ്ട്രേഷൻ റദ്ദാക്കുകയായിരുന്നു. ഇതിന് പുറമേ റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ രജിസ്ട്രേഷനും റദ്ദാക്കി.
7. ഉത്തർപ്രദേശ്, കർണാടക, ഗുജറാത്ത്, എന്നീ സംസ്ഥാനങ്ങൾ പിഎഫ്ഐ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു.
ആർഎസ്എസിനെ ഒഴിവാക്കി പോപ്പുലർ ഫ്രണ്ടിനെ മാത്രം നിരോധിച്ചിട്ടെന്തു കാര്യം?