തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് പ്രവർത്തനരഹിതമായി. നിരോധന ഉത്തരവ് പുറത്ത് വന്നതോടെ സംഘടനയുടെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിൻ്റെ പേരും മാറിയിട്ടുണ്ട്. മാധ്യമങ്ങൾക്ക് സംഘടനാ അറിയിപ്പുകൾ കൈമാറാനുള്ള ‘പിഎഫ്ഐ പ്രസ് റിലീസ്’ എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൻ്റെ പേരാണ് ‘പ്രസ് റിലീസ്’ എന്ന്
പുതിയ പേരിലേക്ക് ചുരുക്കിയത്.
ഇന്ന് രാവിലെയാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് അഞ്ചുവർഷത്തേയ്ക്കാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്. യുഎപിഎ നിയമത്തിൻ്റെ 35-ാം വകുപ്പു പ്രകാരമാണ് നടപടി. ഈ നിയമപ്രകാരം ഇതുവരെ 42 സംഘടനകളെ നിരോധിച്ചിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിനൊപ്പം റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ, നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ അനുബന്ധ സംഘടനകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ഐഎസ് പോലുള്ള ആഗോള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയാണ് പോപ്പുലർ ഫ്രണ്ടിന് കേന്ദ്രം നിരോധനം ഏർപ്പെടുത്തിയത്.
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ സംഘടനയുടെ അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും അനുഭാവികളെയും നിരീക്ഷിക്കണമെന്നും നിരോധിത സംഘടനകളുടെ ഓഫീസുകൾ സീൽ ചെയ്യണമെന്നും നിർദേശിച്ചിരുന്നു.