ദേശീയരാഷ്ട്രീയം കണ്ണും കാതും കൂര്‍പ്പിച്ച് രാജസ്ഥാനിലേക്ക് ഉറ്റുനോക്കുകയാണ്. മുഖ്യമന്ത്രിസ്ഥാനം നിലനിര്‍ത്താന്‍ അശോക് ഗെഹ്ലോട്ടും കാത്തിരുന്ന മുഖ്യമന്ത്രിക്കസേര പിടിക്കാന്‍ സച്ചിന്‍ പൈലറ്റും പോര് കടുപ്പിച്ചതോടെ രാജസ്ഥാന്‍ കോണ്‍ഗ്രസ് സമാനതകളില്ലാത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ ഇത് പുത്തരിയല്ല. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയില്‍ മുഖ്യമന്ത്രി തര്‍ക്കം കോണ്‍ഗ്രസില്‍ നിരവധി തവണ ഉടലെടുത്തു. എന്നാല്‍ ആ പ്രതിസന്ധികളുടെയെല്ലാം പരിസമാപ്തി കോണ്‍ഗ്രസിന് തിരിച്ചടിയായി ഭവിക്കുകയായിരുന്നു. ആ ചരിതത്തിലേക്ക്….
പുതുച്ചേരിയിലെ പാളിയ പരീക്ഷണം
രണ്ടാം യുപിഎ സര്‍ക്കാരിൻ്റെ അവസാന കാലത്ത്, 2008ല്‍ പുതുച്ചേരി മുഖ്യമന്ത്രിയായിരുന്ന എന്‍ രംഗസ്വാമിയെ വെട്ടി ഹൈക്കമാന്റ് നോമിനിയായി വി വൈദ്യലിംഗത്തെ മുഖ്യമന്ത്രി കസേരയില്‍ അവരോധിച്ചു. മൂന്ന് വര്‍ഷത്തിനപ്പുറം എന്‍ ആര്‍ രംഗസ്വാമി കോണ്‍ഗ്രസ് വിട്ടു. സ്വന്തമായി പാര്‍ട്ടിയുണ്ടാക്കി. പേര് എന്‍ ആര്‍ കോണ്‍ഗ്രസ്. പാര്‍ട്ടിയുണ്ടാക്കിയ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് എന്‍ രംഗസ്വാമി മുഖ്യമന്ത്രിയായി. ഹൈക്കമാന്റിൻ്റെ 2008ലെ പിഴവ് തന്ത്രപരമായി ബിജെപി ഉപയോഗപ്പെടുത്തി. എന്‍ രംഗസ്വാമിക്കൊപ്പം ബിജെപി ഇന്ന് പുതുച്ചേരി ഭരിക്കുകയാണ്.
ആന്ധ്രയിലെ ആഘാതം
വര്‍ഷം 2009. കോണ്‍ഗ്രസിൻ്റെ ദേശീയ മുഖമായ ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡി ഹെലികോപ്ടര്‍ അപകടത്തില്‍ മരിക്കുന്നു. കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ തന്നെ അത് കനത്ത ആഘാതമായിരുന്നു. അത്ര സ്വീകാര്യനായ ആ നേതാവിൻ്റെ വിടവ് നികത്താന്‍ കോണ്‍ഗ്രസിന് എളുപ്പം സാധിക്കുമായിരുന്നില്ല. വൈ എസ് ആറിന് പകരക്കാരനായി പഴയ ആന്ധ്രയുടെ മുഖ്യമന്ത്രിയായി ഹൈക്കമാന്റ് നിയോഗിച്ചത് കെ റോസയ്യയെ. വൈ എസ് ആറിൻ്റെ മകനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തിന് ഹൈക്കമാന്റ് ചെവികൊടുത്തില്ല. എന്തിനേറെ പറയുന്നു ജഗ്മോഹന്‍ റെഡ്ഡിയെ സംസ്ഥാന തലത്തില്‍ ഒരു ജാഥ നടത്താന്‍ പോലും ഹൈക്കമാന്റ് അനുവദിച്ചില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കാണാന്‍ പത്ത് ജന്‍പഥിലെത്തിയ വൈഎസ് ആറിൻ്റെ ഭാര്യ വിജയമ്മയെ അപമാനിച്ചിറക്കി വിട്ടു. ആ അപമാനത്തിന് ജഗൻ്റെ പ്രതികാരം കോണ്‍ഗ്രസിനെ ആന്ധ്രയില്‍ നിന്ന് പിഴുതെറിഞ്ഞായിരുന്നു. 2019ല്‍ വന്‍ ഭൂരിപക്ഷത്തില്‍ ജഗന്‍ വൈ എസ് ആര്‍ കോണ്‍ഗ്രസിൻ്റെ മുഖ്യമന്ത്രിയായി. കോണ്‍ഗ്രസിന് ആന്ധ്രയില്‍ സമീപ ഭാവിയിലൊന്നും ഇനി ഒരു തിരിച്ചുവരവില്ലെന്ന് ഉറപ്പ്. അന്ന് ജഗന് മുഖ്യമന്ത്രിക്കസേര നിഷേധിച്ചതിന് കോണ്‍ഗ്രസ് ഇന്ന് പശ്ചാത്തപിക്കുന്നുണ്ടാകും.
അസമിലെ പിഴവിന് വടക്ക് കിഴക്കില്‍ കൊടുക്കേണ്ടി വന്നത് കനത്ത വില
അസമില്‍ മാത്രമൊതുങ്ങി നിന്ന ഒരു ചെറിയ കോണ്‍ഗ്രസ് നേതാവായിരുന്നു ഇന്നത്തെ ബിജെപി നേതാവും അസമിലെ മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ്മ. തരുണ്‍ ഗെഗോയിയെന്ന മുതിര്‍ന്ന താപ്പാനയുടെ അധികാരക്കൊതിക്കൊപ്പമായിരുന്നു ഹൈക്കമാന്റ്. 2001 മുതല്‍ മുഖ്യമന്ത്രിയായിരുന്ന ഗെഗോയിക്ക് പകരം 2016ല്‍ മുഖ്യമന്ത്രിയായി തന്നെ പരിഗണിക്കണമെന്നടക്കമുള്ള ഹിമന്തയുടെ ആവശ്യം അംഗീകരിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറായതേ ഇല്ല. ദില്ലിയില്‍ കൂടിക്കാഴ്ചയ്‌ക്കെത്തിയ യുവതുര്‍ക്കിയായിരുന്ന ഹിമന്ത ബിശ്വ ശര്‍മ്മയ്ക്ക് രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ മുഖം കൊടുത്തില്ല. അസമിലെ രാഷ്ട്രീയ അടിയൊഴുക്കുകള്‍ തിരിച്ചറിയാതെ തരുണ്‍ ഗെഗോയിക്കൊപ്പം ഹൈക്കമാന്റ് നിന്നപ്പോള്‍ 2016ല്‍ ബിജെപി അസമില്‍ ഭരണം പിടിച്ചു. അതിന് ചരടുവലിച്ചത് 2015ല്‍ കോണ്‍ഗ്രസ് വിട്ട ഹിമന്തയും. ഹിമന്ത ബിശ്വ ശര്‍മ്മയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് വരുത്തിയ പിഴ ബിജെപി മുതലാക്കിയപ്പോള്‍ ബിജെപിക്ക് ലഭിച്ചത് വടക്ക് കിഴക്കന്‍ മേഖലയിലെ ഏറ്റവും കരുത്തനായ നേതാവിനെ.
മധ്യപ്രദേശില്‍ സിന്ധ്യ പോയി, ഒപ്പം ഭരണവും
2017ലെ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയത്തിൻ്റെ ക്രെഡിറ്റ് കമല്‍നാഥിനും ജ്യോതിരാദിത്യ സിന്ധ്യയ്ക്കും ഒരുപോലെ അവകാശപ്പെട്ടതായിരുന്നു. പക്ഷേ മുഖ്യമന്ത്രി പദവിയുടെ കാര്യത്തില്‍ ഹൈക്കമാന്റിന് താല്‍പ്പര്യം കമല്‍നാഥിനോടായിരുന്നു. എന്നാല്‍ അന്ന് സിന്ധ്യയെ അനുനയിപ്പിക്കാന്‍ രണ്ടര വര്‍ഷത്തിന് ശേഷം അധികാരക്കൈമാറ്റമെന്ന് ഹൈക്കമാന്റ് ഒരു ഉറപ്പ് നല്‍കിയിരുന്നുവെന്നായിരുന്നു വിവരം. പക്ഷേ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും സിന്ധ്യ ആഗ്രഹിച്ച മുഖ്യമന്ത്രിക്കസേരയിലേക്ക് ഹൈക്കമാന്റ് അദ്ദേഹത്തെ ക്ഷണിച്ചതേ ഇല്ല. കാത്തിരിപ്പ് അവസാനിപ്പിച്ച് 2020ല്‍ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നു. കൂടെ ഒന്നര ഡസന്‍ എംഎല്‍എമാരെയും. ഫലമോ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിൻ്റെ പതനം. മുഖ്യമന്ത്രി കസേരയ്ക്കായി കലാപം നയിച്ച് കോണ്‍ഗ്രസ് വിട്ട സിന്ധ്യ മുഖ്യമന്ത്രി കസേരിയിലല്ലെങ്കിലും ഇന്ന് കേന്ദ്ര മന്ത്രി കസേരയിലാണ്.
പഞ്ചാബില്‍ പഞ്ചറായ വഴി
ഈ മുഖ്യമന്ത്രികസേരയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ വരുത്തിയ വീഴ്ചകള്‍ക്ക് വലിയ വില കൊടുക്കേണ്ടി വന്നിട്ടും കോണ്‍ഗ്രസ് പാഠം പഠിച്ചില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു പഞ്ചാബിലെ പരീക്ഷണം. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിംഗിനെ ഹൈക്കമാന്റ് സ്വന്തം താല്‍പ്പര്യമെടുത്ത് മാറ്റി. ബിജെപി വിട്ട് 2017ല്‍ കോണ്‍ഗ്രസിലെത്തിയ നവ്‌ജോത് സിംഗ് സിദ്ധുവിൻ്റെ വാക്ക് കേട്ടായിരുന്നു അമരീന്ദറിനെ ഹൈക്കമാന്റ് മാറ്റിയത്. ആ തെറ്റിൻ്റെ ആഴം എത്ര വലുതായിരുന്നുവെന്ന് 2022ല്‍ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് തിരിച്ചറിഞ്ഞു. ഭരണം നഷ്ടമായെന്ന് മാത്രമല്ല. സംസ്ഥാനത്ത് ഇന്ന് കോണ്‍ഗ്രസിൻ്റെ മേല്‍വിലാസം തന്നെ നഷ്ടമായിരിക്കുന്നു. കോണ്‍ഗ്രസ് പടിയിറക്കി വിട്ട ക്യാപ്റ്റന്‍ അമരീന്ദര്‍ ഇന്ന് ബിജെപി കൂടാരത്തിലും എത്തിയിരിക്കുന്നു.
പൈലറ്റ് പറക്കുമോ പൊറുക്കമോ?
രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും ഗെഹ്ലോട്ടും തമ്മില്‍ 2018 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ശീതസമരം ആരംഭിച്ചതാണ്. അന്നും മുഖ്യമന്ത്രി കസേരയെച്ചൊല്ലിയായിരുന്നു പോര്. ആ പോരിന് പല പരിണാമങ്ങളും ഉണ്ടായി. സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയതും പാര്‍ട്ടിയിലെ സച്ചിന്‍ അനുകൂലികളെ സ്ഥാനത്ത് നിന്ന് നീക്കിയതും ഈ ശീതസമരത്തിൻ്റെ തുടര്‍ച്ചയായിരുന്നു. ഒടുവില്‍ 2020ല്‍ സച്ചിന്‍ പൈലറ്റിന് പാര്‍ട്ടി പുറത്തേക്ക് കാലെടുത്തു വച്ചതുമാണ്. ഒരുപിടി എംഎല്‍എമാരുമായി രാജസ്ഥാന്‍ വിട്ട് ഹരിയാനയിലെത്തിയ സച്ചിനെ പ്രിയങ്ക ഗാന്ധിയായിരുന്നു അന്ന് അനുനയിപ്പിച്ച് തിരികെയെത്തിച്ചത്. അര്‍ഹമായ പദവി ലഭിക്കുമെന്നായിരുന്നു സച്ചിന് അന്ന് നല്‍കിയ ഉറപ്പ്. ഗെഹ്ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷനാകുമ്പോള്‍ ആ പദവി സ്വാഭാവികമായി തന്നിലേക്ക് എത്തുമെന്നായിരുന്നു സച്ചിൻ്റെ പ്രതീക്ഷ. ആ പ്രതീക്ഷയ്ക്കാണ് ഗെഹ്ലോട്ട് ചെക്ക് വച്ചിരിക്കുന്നത് . കപ്പിനും ചുണ്ടിനുമിടയില്‍ സച്ചിന് വീണ്ടും മുഖ്യമന്ത്രി കസേര നഷ്ടമാകാനാണ് സാധ്യത തെളിയുന്നത്. ഈ അപമാനങ്ങളെല്ലാം പൊറുത്ത് സച്ചിന് കോണ്‍ഗ്രസില്‍ തുടരുമോ അല്ല പാര്‍ട്ടിക്ക് പുറത്തേക്ക് പൈലറ്റ് പറക്കുമോ എന്നതും വരും ദിവസങ്ങളില്‍ വ്യക്തമാകും.