ഉത്തരാഖണ്ഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ബിജെപി നേതാവിൻ്റെ മകൻ അറസ്റ്റിൽ. ബിജെപി നേതാവും മുൻമന്ത്രിയുമായ വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യയാണ് അറസ്റ്റിലായത്. ഇയാൾ സ്വന്തം റിസോർട്ടിലെ റിസപ്ഷനിസ്റ്റിനെയാണ് കൊലപ്പെടുത്തിയത്. ശ്രികോത് ഗ്രാമത്തിൽനിന്നുള്ള പതിനേഴ് വയസുകാരി അങ്കിത ഭണ്ഡാരിയാണ് കൊലചെയ്യപ്പെട്ടത്.
ഒരുമാസം മുമ്പാണ് യുവതി റിസോർട്ടിൽ ജോലിക്കെത്തിയത്. റിസോർട്ടിലെത്തിയവരുമായി യുവതി ലൈംഗിക ബന്ധത്തിന് വഴങ്ങിയില്ല. ഇതാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറഞ്ഞു. മഹിളാ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്. ആകെ മൂന്നുപേരാണ് കേസിൽ അറസ്റ്റിലായത്. പുൽകിത് ആര്യയ്ക്ക് പുറമെ റിസോർട്ട് മാനേജർ സൗരഭ് ഭാസ്കർ, അങ്കിത് എന്നിവരാണ് കേസിൽ അറസ്റ്റിലായ മറ്റുള്ളവർ. അങ്കിതയെ കനാലിലേക്ക് തള്ളിയിട്ടാണ് കൊലപ്പെടുത്തിയതെന്ന് പ്രതികൾ കുറ്റസമ്മതം നടത്തി.
അഞ്ചുദിവസം മുൻപ് കാണാതായ അങ്കിതയെ, കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സെപ്റ്റംബർ പതിനെട്ടിനാണ് കുടുംബം പോലീസിൽ പരാതി നൽകിയത്. പരാതിയിൽ സെപ്റ്റംബർ 21- ന് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് റിസോർട്ട് ഉടമയും മറ്റ് രണ്ട് പേരും ഒളിവിൽ പോകുകയായിരുന്നു.