കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ടിനെതിരെ ജി-23 നേതാക്കൾ രംഗത്ത്. പാർട്ടിക്ക് വേണ്ടത് മുഴുവൻ സമയ അധ്യക്ഷനെയാണെന്ന് ജി-23 നേതാക്കൾ വ്യക്തമാക്കി. ഇരട്ടപദവി അംഗീകരിക്കില്ലെന്നും ഇരട്ടപദവി അനുവദിക്കുന്നത് ഉദയ്പൂർ പ്രഖ്യാപനത്തിനെതിരാണെന്നും ജി-23 നേതാക്കൾ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങാനിരിക്കെയാണ് അശോക് ഗലോട്ടിനെതിരെ കോൺഗ്രസിലെ തിരുത്തൽവാദി വിഭാഗമായ ജി-23 രംഗത്തെത്തിയത്. അധ്യക്ഷനായാലും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നില്ലെന്ന് ഗലോട്ട് കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് ജി-23 നേതാക്കളുടെ പ്രതികരണം. കോൺഗ്രസ് അധ്യക്ഷനായാലും രാജസ്ഥാൻ മുഖ്യമന്ത്രി പദം രാജിവെക്കില്ലെന്ന അശോക് ഗലോട്ടിൻ്റെ നിലപാടിനെതിരെ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും, എഐസിസി ജനറൽ സെക്രട്ടറിയുമായിരുന്ന ദിഗ് വിജയ് സിംഗും രംഗത്തെത്തി. അധ്യക്ഷനായാൽ ഗലോട്ട് മുഖ്യമന്ത്രിസ്ഥാനം രാജി വയ്ക്കണമെന്നും രണ്ട് പദവികൾ വഹിക്കാനാവില്ലെന്നും ദ്വിഗ് വിജയ് സിംഗ് പറഞ്ഞു.
ഒക്ടോബർ പതിനേഴിനാണ് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്. ഒക്ടോബർ പത്തൊൻമ്പതിനാണ് വോട്ടെണ്ണൽ. അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ജി-23 നേതാവ് ശശി തരൂരിൻ്റെ തീരുമാനത്തിനെതിരെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നിരുന്നു. രാഹുൽ ഗാന്ധിയോ എഐസിസിക്ക് സ്വീകാര്യനായ വ്യക്തിയോ അധ്യക്ഷനാകുമെന്നായിരുന്നു കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞത്. ഗാന്ധി കുടുംബത്തിൻ്റെ പിന്തുണയുള്ളവർ അധ്യക്ഷനാകുമെന്ന് കെ മുരളീധരൻ എം പിയും വ്യക്തമാക്കി.