കേന്ദ്രമന്ത്രിയുടെ അനധികൃത നിർമ്മാണം പൊളിച്ചുനീക്കണമെന്ന് ബോംബെ ഹൈക്കോടതി. കേന്ദ്ര എം എസ് എം ഇ വകുപ്പ് മന്ത്രി നാരായൺ റാണെയുടെ ജുഹുവിലെ ബംഗ്ലാവിൻ്റെ ഭാഗങ്ങൾ പൊളിച്ചുനീക്കാനാണ് കോടതി ഉത്തരവിട്ടത്. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി കൂടിയാണ് നാരായൺ റാണെ. ഫ്ലോർ സ്പേസ് ഇൻഡക്സും, തീരദേശ നിയന്ത്രണ മേഖലാ നിയമങ്ങളും ലംഘിച്ചാണെന്ന് നിർമ്മാണം നടത്തിയതെന്ന് കോടതി കണ്ടെത്തി.
ജസ്റ്റിസ് ആർ.ഡി ധനുക, കമൽ ഖാത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, കേസിൽ കേന്ദ്രമന്ത്രിക്ക് പത്ത് ലക്ഷം രൂപ പിഴയും വിധിച്ചു. തുക രണ്ടാഴ്ച്ചയ്ക്കകം മഹാരാഷ്ട്ര സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയിൽ അടയ്ക്കണമെന്നാണ് കോടതി നിർദേശം.
നാരായൺ റാണെയുടെ ഉടമസ്ഥതയിലുള്ള ബംഗ്ലാവിന്, അനുവദിച്ചതിലും കൂടുതൽ നിലകൾ ഉള്ളതായി കണ്ടെത്തിയ കോടതി രണ്ടാഴ്ചയ്ക്കുള്ളിൽ അനധികൃത നിർമ്മാണം പൊളിച്ചു നീക്കാൻ ഉത്തരവിടുകയായിരുന്നു. കെട്ടിടം പൊളിച്ചു മാറ്റിയതിനു ശേഷം മുബൈ മുനിസിപ്പൽ കോർപ്പറേഷനോട് റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
അനധികൃത നിർമാണത്തിന് നിയമസാധുത തേടി നാരായൺ റാണെ കുടുംബം ഹർജി നൽകിയിരുന്നു. ഈ ഹർജി പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി. റാണെ കുടുംബം നടത്തുന്ന കമ്പനിയുടെ രണ്ടാമത്തെ അപേക്ഷ ബോംബെ കോർപ്പറേഷൻ പരിഗണിക്കാനോ അനുവദിക്കാനോ പാടില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.