രാജസ്ഥാൻ നിയമസഭയിൽ പശുവുമായെത്തി ബിജെപി എംഎൽഎ. പശുക്കൾക്ക് പകരുന്ന ത്വക് രോഗത്തെപ്പറ്റി സർക്കാരിൻ്റെ ശ്രദ്ധയാകർഷിക്കാനാണ് ബിജെപി എംഎൽഎയുടെ വ്യത്യസ്ത ശ്രമം. നിയമസഭയിൽ പശുവുമായെത്തിയാണ് രാജസ്ഥാനിലെ പുഷ്‌കർ നിയമസഭാ മണ്ഡലത്തിലെ ബിജെപി എംഎൽഎ സുരേഷ് സിംഗ് റാവത്ത് ശ്രദ്ധയാകർഷിക്കാൻ ശ്രമിച്ചത്. എംഎൽഎ താനുയർത്തുന്ന വിഷയം മാധ്യമപ്രവർത്തകരുമായി ചർച്ചചെയുന്നതിനിടെ പശു അവിടെനിന്ന് ഓടിപ്പോവുകയാണുണ്ടായത്. മാധ്യമപ്രവർത്തകരുടെയും തടിച്ചുകൂടിയ ജനത്തിൻ്റെയും ബഹളത്തിനിടയ്ക്കാണ് പശു വിരണ്ടോടിയത്. വിരണ്ടോടിയ പശുവിനെ പിടികൂടാൻ എംഎൽഎയുടെ അനുയായികൾ പിന്നാലെ ഓടി.
പശു ഓടിപ്പോയപ്പോൾ ഗോമാതാവിന് സർക്കാരിനോട് ദേഷ്യമാണെന്നും അതുകൊണ്ടാണ് പശു ഓടിപ്പോയതെന്നുമുള്ള വിചിത്രവാദമാണ് സുരേഷ് സിംഗ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞത്. പശുക്കൾ ത്വക്ക് രോഗബാധിതരാണെന്നും, ഇത് പരിഗണിക്കാതെ സംസ്ഥാന സർക്കാർ ഗാഢനിദ്രയിലാണെന്നും എംഎൽഎ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. പശുക്കളെ പരിപാലിക്കാൻ മരുന്നുകളും വാക്സിനുകളും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.