ഭഗവത്ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. ധാർമിക ശാസ്ത്ര വിഷയത്തിന് കീഴിലായിരിക്കും ഭഗവത്ഗീത പഠിപ്പിക്കുക. ഈ അധ്യായന വർഷം മുതൽ തന്നെ ഭഗവത്ഗീത പഠനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബൈബിളും ഖുറാനും പോലെ ഭഗവത്ഗീത മതഗ്രന്ഥമല്ലെന്ന മന്ത്രി ബി സി നാഗേഷിൻ്റെ പ്രസ്താവന വിവാദമായിരുന്നു.
ഭഗവത്ഗീത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ഒരു സമിതിക്ക് രൂപം നൽകും. അതിനുള്ള നടപടികൾ അതിവേഗം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭ സെഷനിൽ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
നേരത്തെ ഗുജറാത്തിൻ്റെ മാതൃകയിൽ കർണാടകയിലും ഭഗവത്ഗീത പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് നിയമസഭയിലും വിദ്യാഭ്യാസ മന്ത്രി കർണാടക സർക്കാരിൻ്റെ നയം വ്യക്തമാക്കിയത്. ഭഗവത്ഗീത സിലബസിൽ ഉൾപ്പെടുത്തുന്നത് സർക്കാരിൻ്റെ നിലപാടാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും പറഞ്ഞിരുന്നു.
അതേസമയം സംസ്ഥാന സർക്കാരിൻ്റെ നിലപാടിനെതിരെ കർണാടകയിൽ കടുത്ത പ്രതിഷേധങ്ങളാണ് ഉയരുന്നത്. വിദ്യാഭ്യസത്തിൻ്റെ പേരിൽ മതപരമായ കാര്യങ്ങളാണ് സർക്കാർ പഠിപ്പിക്കാൻ നോക്കുന്നത്. പുരാതന വിദ്യാഭ്യാസ സമ്പ്രദായം ദളിതരെയും സ്ത്രീകളെയും മാറ്റി നിർത്തിയിരുന്നു. ഭഗവത്ഗീത അശാസ്ത്രീയമാണെന്നും വിദ്യാർത്ഥികളിൽ അന്ധവിശ്വാസങ്ങൾ വളർത്തുന്നതാണ് പുതിയ തീരുമാനമെന്നും വിവിധ വിദ്യാർത്ഥി സംഘടനകൾ പറഞ്ഞു