ഹിമാചല്‍പ്രദേശ് സര്‍വകലാശാലയില്‍ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ നടന്ന 250 അസോസിയേറ്റ്, അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനങ്ങളും ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് വിവരാവകാശ രേഖ. വിവരാവകാശ നിയമ പ്രകാരം എസ് എഫ് ഐ നല്കിയ അപേക്ഷയിലാണ് യുജിസി ചട്ടങ്ങള്‍ക്കും 1970ലെ ഹിമാചല്‍ പ്രദേശ് യൂണിവേഴ്സിറ്റി നിയമത്തിനും വിരുദ്ധമായി നടന്ന അനധികൃത നിയമനങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്
സിക്കന്തര്‍ കുമാര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി പ്രവര്‍ത്തിച്ച 2018 മുതല്‍ 2021 വരെയുള്ള കാലയളവിലാണ് ഈ അനധൃകൃതനിയമനങ്ങളെല്ലാം നടന്നത്. നെറ്റ് യോഗ്യത ഇല്ലാത്തവര്‍, പിഎച്ച് ഡി ഇല്ലാത്തവര്‍ , യുജിസി നിഷ്കര്‍ഷിച്ച ജേണലുകളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാത്തവര്‍ തുടങ്ങിയവരെല്ലാം അനധികൃത നിയമനം നേടിയവരില്‍ ഉള്‍പ്പെടുന്നു. അനധികൃത നിയമനങ്ങള്‍ സംബന്ധിച്ച് ജുഡീഷ്യല്‍ കമ്മീഷന് അന്വേഷണം നടത്തണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
കേരളത്തില്‍ ബിജെപിയും, ഗവര്‍ണറും സര്‍വകലാശാലകള്‍ക്കെതിരെ വഴിവിട്ട നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് നഗ്നമായ അനധികൃത നിയമനങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.