പ്രശാന്ത് കിഷോർ ബിജെപിക്കുവേണ്ടി ജോലിചെയ്യുന്ന ബിസിനസുകാരനാണെന്ന് ജെഡിയു. ജെഡിയു ദേശീയ അധ്യക്ഷൻ രാജീവ് രഞ്ജൻ സിംഗാണ് പ്രശാന്ത് കിഷോറിനെതിരെ ആരോപണം ഉന്നയിച്ചത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി പ്രശാന്ത് കിഷോർ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജീവ് രഞ്ജൻ സിംഗിൻ്റെ പ്രതികരണം. പ്രശാന്ത് കിഷോറിനെ 2020 ൽ ജെഡിയുവിന് നിന്ന് പുറത്താക്കിയിരുന്നു.
പ്രശാന്ത് കിഷോർ മാധ്യമങ്ങൾക്ക് വേണ്ടി കഥകൾ ഉണ്ടാക്കുകയാണ്. ഇതൊക്കെ ബിജെപിക്ക് ബിഹാറിൽ ചുവടുറപ്പിക്കുന്നതിന് വേണ്ടിയുള്ള തന്ത്രങ്ങളാണ്. പൊതുജന സ്വീകാര്യത ആ പാർട്ടിക്ക് കിട്ടാത്തതുകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യുന്നത്. പുതിയ രാഷ്ട്രീയസാഹചര്യം ഉരുത്തിരിഞ്ഞതോടെ നിതീഷ് കുമാറിനെ കാണണമെന്ന് ആവശ്യപ്പെട്ടത് പ്രശാന്ത് കിഷോറാണ്. പാർട്ടി പ്രസിഡന്റിനോട് സംസാരിക്കാൻ നിതീഷ് പറഞ്ഞു. അങ്ങനെയാണ് പ്രശാന്ത് കിഷോർ എന്നെ കാണാൻ വന്നത്. ഇതൊക്കെ അയാൾ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ചെയ്യുന്നതാണ്. അച്ചടക്കത്തോടെ നിൽക്കാനാവുമെങ്കിൽ പാർട്ടിയിലേക്ക് തിരികെയെടുക്കാമെന്ന് ഞാൻ പറഞ്ഞു. അതിനു ശേഷമാണ് നിതീഷ് ജിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്. പക്ഷേ, അപ്പോഴേക്കും അയാൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു മുഖ്യമന്ത്രിയെ കാണുന്നില്ലെന്ന് എന്നും രഞ്ജൻ സിംഗ് വ്യക്തമാക്കി.
ദിവസങ്ങൾക്ക് ശേഷം മുൻ ജെഡിയു നേതാവ് പവൻ വെർമ്മ നിതീഷ് കുമാറിനെ കാണുകയും പ്രശാന്ത് കിഷോറിന് അദ്ദേഹത്തെ കാണാൻ താല്പര്യമുണ്ടെന്ന് അറിയിക്കുകയുമായിരുന്നു. അങ്ങനെയാണ് അവർ കണ്ടത്. പക്ഷേ, അയാൾക്ക് ആര് എന്ത് വാഗ്ദാനം ചെയ്തെന്നാണ് പറയുന്നത്? അല്ലെങ്കിൽ തന്നെ അതിൻ്റെ ആവശ്യമെന്താണ്? എന്നും രഞ്ജൻ സിംഗ് പറഞ്ഞു.