ഉത്തർപ്രദേശ് സ്പോർട്സ് ക്യാമ്പിലെ ഭക്ഷണം സ്റ്റേഡിയത്തിലെ ശൗചാലയത്തിനു സമീപം സൂക്ഷിച്ചു. കഴിഞ്ഞ ദിവസം സഹാറൻപൂർ ജില്ലയിൽ പെൺകുട്ടികളുടെ ത്രിദിന സംസ്ഥാനതല അണ്ടർ 17 കബഡി ടൂർണമെന്റിൽ പങ്കെടുത്ത, ഇരുന്നൂറോളം കായിക താരങ്ങൾക്ക് ഈ ഭക്ഷണം വിളമ്പിയെന്നാണ് ആരോപണം.
സഹാറൻപൂരിലെ സ്പോർട്സ് സ്റ്റേഡിയത്തിലെ ശൗചാലത്തിൻ്റെ തറയിൽ പാകം ചെയ്ത ഭക്ഷണത്തിൻ്റെ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വയറലായിരുന്നു. പിന്നാലെയാണ് പ്രശ്നം വലിയ വിവാദമായത്. പാകം ചെയ്ത ഭക്ഷണം ഗേറ്റിനടുത്തുള്ള ടോയ്ലറ്റ് തറയിൽ വെച്ചതായി ഒരു കായിക താരവും വ്യക്തമാക്കി. ഏതാനും കളിക്കാർ ഇക്കാര്യം സ്റ്റേഡിയം അധികൃതരെ അറിയിച്ചിരുന്നതായും കായിക താരം പറഞ്ഞു.
എന്നാൽ സഹാറൻപൂരിലെ സ്പോർട്സ് ഓഫീസർ അനിമേഷ് സക്സേന ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞു. ഇവിടെ കളിക്കാർക്ക് വിളമ്പുന്ന ഭക്ഷണം ഗുണനിലവാരമുള്ളതാണ്. അരിയും ദാലും സബ്ജിയും ഉൾപ്പെടെയുള്ള ഭക്ഷണം വലിയ പാത്രങ്ങളിൽ നീന്തൽക്കുളത്തിന് സമീപമുള്ള പരമ്പരാഗത ഇഷ്ടിക അടുപ്പിലാണ് പാകം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.