സൂറത്ത്: ഗുജറാത്തിൽ ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തിയ ആളുകൾക്ക് ബീഫ് വിളമ്പിയതിന് ഹോട്ടൽ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ സൂറത്ത് ജില്ലയിലാണ് സംഭവം. ഹോട്ടലിൽ ബീഫ് വിളമ്പി എന്നറിഞ്ഞതോടെ ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹിന്ദു സംഘടനാ നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഹോട്ടലിൽ റെയ്ഡ് നടത്തിയിരുന്നു. ഹോട്ടലിൽ നടത്തിയ റെയ്ഡിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന 60 കിലയോളം ബീഫ് പോലീസ് പിടിച്ചെടുത്തു.
പിടിച്ചെടുത്ത ബീഫ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ച പോലീസ് ബീഫ് ആണെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ഹോട്ടൽ ഉടമയ്ക്കെതിരെ കേസെടുത്തത്. ഹോട്ടൽ ഉടമയായ സർഫറാസ് വസീർ ഖാനെ പിന്നീട് അറസ്റ്റ് ചെയ്തു. അതിനിടെ, ഇയാൾക്ക് ബീഫ് നൽകിയ കശാപ്പുകാരൻ അൻസാർ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരുകെയാണന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാജ്യത്ത് ബീഫ് നിരോധിക്കണമെന്ന് ആർഎസ്എസ് നേതാവ് പറഞ്ഞിരുന്നു. ആർഎസ്എസ് ബൗദ്ധീക വിഭാഗം മേധാവി ജെ നന്ദകുമാറാണ് ബീഫ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. രാജ്യത്ത് സസ്യേതര ഭക്ഷണത്തിന് നിയന്ത്രണം ഏർപ്പെടുത്താനാകില്ല. എന്നാൽ ബീഫ് ഒഴിവാക്കണമെന്നായിരുന്നു നന്ദകുമാറിൻ്റെ പ്രതികരണം