ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. മുൻ സർക്കാർ ജീവനക്കാരാണ് കെജ്രിവാളിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയത്. കെജ്രിവാൾ തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായ പരാമർശം നടത്തിയെന്നാണ് പരാതി. സർക്കാർ ജീവനക്കാരടക്കമുള്ള പൊതുസേവകരോട് ആം ആദ്മി പാർട്ടിക്ക് വേണ്ടി ജോലിചെയ്യാൻ, എ എ പി ദേശീയ കൺവീനർ കൂടിയായ കെജ്രിവാൾ ആഹ്വാനം നൽകിയിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. ഗുജറാത്തിലെ രാജ് കോട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു കെജ്രിവാളിൻ്റെ നിർദേശം. വാർത്താ സമ്മേളനത്തിൻ്റെ വീഡിയോയിൽ ഇത് വ്യക്തമാകുമെന്നും പരാതിയിലുണ്ട്.
കെജ്രിവാൾ ഗുജറാത്തിലെ പൊതുസേവകരെല്ലാം ആം ആദ്മിക്ക് വേണ്ടി ജോലി ചെയ്യണമെന്ന് പ്രേരിപ്പിച്ചു. അതിനുവേണ്ടി ആഹ്വാനവും ചെയ്തു. പോലീസുകാർ, ഹോം ഗാർഡുകൾ, അംഗൻവാടി പ്രവർത്തകർ, സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡ്രൈവർമാർ കണ്ടക്ടർമാർ, പോളിംഗ് ബൂത്ത് ഓഫീസർമാർ എന്നിവരടക്കം എല്ലവാരും വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ എഎപിയെ സഹായിക്കാൻ വേണ്ടി ജോലി ചെയ്യണം എന്നാണ് കെജ്രിവാൾ ആഹ്വാനം ചെയ്തത്. ഇത് പൊതുസേവകരെ രാഷ്ട്രീയവൽക്കരിക്കാനുള്ള എഎപിയുടെ നഗ്നമായ ശ്രമങ്ങളാണ് എന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിൽ മുൻ സർക്കാർ ജീവനക്കാർ പറയുന്നു.
സർക്കാർ ഉദ്യോഗസ്ഥർ പക്ഷപാതരഹിതരായിരിക്കാനും ജനത്തിന് സേവനം നൽകുകയുമാണ് വേണ്ടത്. അവരെ എഎപിക്ക് വേണ്ടി പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നത്, പൊതു സേവന പെരുമാറ്റ ചട്ടം ലംഘിക്കാൻ പ്രേരിപ്പിക്കുന്നതിന് തുല്യമാണ് എന്നും പരാതിയിലുണ്ട്.