ഗോവയിൽ കൂറുമാറിയ കോൺഗ്രസ് എംഎൽഎമാർ മന്ത്രിമാരായേക്കും. കൂറുമാറിയ എട്ട് കോൺഗ്രസ് എംഎൽഎമാരിൽ രണ്ടുപേർക്കെങ്കിലും മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചന. അടുത്ത കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഗോവയിൽ മന്ത്രിസഭാ വികസനമുണ്ടാകുമെന്ന് ബിജെപിയുടെ ഒരു മുതിർന്ന നേതാവ് വ്യക്തമാക്കിയിരുന്നു. കോൺഗ്രസിൽ നിന്നെത്തിയ എംഎൽഎമാർക്ക് മന്ത്രിസ്ഥാനം നൽകണം. കുറഞ്ഞത് രണ്ട് പേരെയെങ്കിലും മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഗവർണർ പി എസ് ശ്രീധരൻ പിള്ളയുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട ആഘോഷപരിപാടികളെ കുറിച്ച് സംസാരിക്കുന്നതിനാണ് ഗവർണറെ കണ്ടത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
സെപ്റ്റംബർ പതിനാലിനാണ് ഗോവയിലെ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നത്. മുൻ മുഖ്യമന്ത്രി ദിഗംബർ കമ്മത്ത്, മുൻ പ്രതിപക്ഷ നേതാവ് മൈക്കൽ ലോബോ എന്നിവരടെ നേതൃത്വത്തിലാണ് എട്ട് എംഎൽഎമാർ ബിജെപിയിൽ ചേർന്നത്. മൂന്നിൽ രണ്ട് ഭാഗം കോൺഗ്രസ് എംഎൽഎമാരും ബിജെപിയിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു.