സിപിഐ പദയാത്രയ്ക്ക് ചത്തീസ്ഗഡില്‍ വിലക്ക്. ദേശീയ എക്സിക്യൂട്ടീവ് അംഗം മനീഷ് കുന്‍ജാമിൻ്റെ നേതൃത്വത്തില്‍ ജനകീയ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രഖ്യാപിച്ച പദയാത്രയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. സെപ്റ്റംബര്‍ 26ന് സുഖ്മ ജില്ലയിലെ സില്ഗെര് മുതല്‍ സുഖ്മ വരെ 100 കിലോമീറ്ററോളം പദയാത്ര നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത്. ‘ഭാരത് ജോഡോ’ മുദ്രാവാക്യം ഉയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പദയാത്ര നടത്തുമ്പോഴാണ് സിപിഐ പദയാത്രയ്ക്ക് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് അനുമതി നിഷേധിച്ചത്.
ചത്തീസ്ഗഡ് സര്‍ക്കാരിൻ്റെ നടപടിയെ സിപിഐ ദേശീയ സെക്രട്ടറിയറ്റ് അപലപിച്ചു. സംസ്ഥാനസര്‍ക്കാര്‍ സമീപനം ജനാധിപത്യവിരുദ്ധവും ഭരണഘടനവിരുദ്ധവുമാണെന്നും ജനാധിപത്യപരമായ അവകാശങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് പുരോഗതിക്കും വികസനത്തിനും എതിരായ നടപടിയാണെന്നും സിപിഐ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. വിലക്ക് പിന്‍വലിച്ച് പദയാത്രയ്ക്ക് അനുമതി നല്‍കണമെന്നും പ്രസ്താവനയില്‍ സിപിഐ ആവശ്യപ്പെട്ടു.