തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി. രാജ്യസഭാ തെരഞ്ഞെടുപ്പിലെ നാമനിർദേശ പത്രിക സമർപ്പണവുമായി ബന്ധപ്പെട്ട് വിശ്വനാഥ് സിങ് എന്നയാൾ ഹർജി നൽകിയിരുന്നു. ഇയാളുടെ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് സുധാംശു ധൂലിയ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് നിരീക്ഷണം.
2022 മെയ് പന്ത്രണ്ടിന് രാജ്യസഭാ തെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. വിജ്ഞാപനത്തെ ചോദ്യം ചെയ്താണ് വിശ്വനാഥ് സിങ് കോടതിയെ സമീപിച്ചത്. ഇയാൾ ആദ്യം ഹൈക്കോടതിയെയാണ് വിഷയത്തിൽ സമീപിച്ചത്. എന്നാൽ ഹൈക്കോടതി ഹർജി തള്ളിയതോടെ സുപ്രീം കോടതിയിലും ഹർജി നൽകി. രാജ്യസഭാ തെരഞ്ഞെടുപ്പിൽ പിന്താങ്ങാൻ ആരുമില്ലാത്തതിനാൽ തൻ്റെ അഭിപ്രായ സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും ഹനിക്കപെട്ടു എന്നാണ് ഹർജിക്കാരൻ്റെ വാദം.
തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം മൗലികാവകാശമോ പൊതു നിയമമോ അല്ല. അത് ഒരു ചട്ടം നൽകുന്ന അവകാശമാണെന്നും കോടതി പറഞ്ഞു. പാർലമെന്റ് നിർമ്മിച്ച നിയമമനുസരിച്ച് രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹർജിക്കാരന് അവകാശമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഒരു മാസത്തിനകം പരാതിക്കാരൻ ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു.