അഹമ്മദാബാദ്: 200 കോടിയുടെ ലഹരി വസ്തുക്കളുമായി പാക് ബോട്ട് ഗുജറാത്ത് തീരത്തിന് സമീപം പിടിയിൽ. ഗുജറാത്ത് ഭീകര വിരുദ്ധ സ്ക്വാഡും ഇന്ത്യൻ കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് പാക്കിസ്ഥാൻ ബോട്ട് പിടിയിലായത്. തീരത്ത് നിന്ന് 10 കിലോമീറ്റർ അകലെ 40 കിലോ ഹെറോയിനുമായി ബോട്ട് എത്തിയെന്നും ബോട്ടിൽ ഉണ്ടായിരുന്ന ആറ് ജീവനക്കാരെയും പിടികൂടിയതായും ഭീകര വിരുദ്ധ സ്ക്വാഡ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഗുജറാത്ത് തീരത്ത് ഇറക്കിയ ശേഷം റോഡ് മാർഗം പഞ്ചാബിലേക്ക് ഹെറോയിൻ കൊണ്ടുപോകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. പിടിച്ചെടുത്ത ബോട്ടിനൊപ്പം എടിഎസും കോസ്റ്റ് ഗാർഡും വൈകുന്നേരത്തോടെ ജഖാവു തീരത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
സംസ്ഥാന ഭീകര വിരുദ്ധ സ്ക്വാഡും കോസ്റ്റ് ഗാർഡും മുമ്പും സമാനമായ മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങൾ പരാജയപെടുത്തിയിട്ടുണ്ട്. ഗുജറാത്ത് തീരം വഴി ഇന്ത്യയിലേക്ക് കടത്താൻ പദ്ധതിയിട്ടിരുന്ന വൻതോതിൽ മയക്കുമരുന്നുമായി വിദേശ പൗരന്മാരെ പിടികൂടുകയും ചെയ്തിട്ടുണ്ട്.