പഞ്ചാബിലെ ആം ആദ്മി സർക്കാരിനെ താഴെയിറക്കാൻ എംഎൽഎമാർക്ക് ബിജെപി കോടികൾ വാഗ്ദാനം ചെയ്തതായി ആരോപണം. ആം ആത്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളാണ് ആരോപണം ഉന്നയിച്ചത്. ഗോവയിൽ ഭൂരിഭാഗം കോൺഗ്രസ് എംഎൽഎമാരും ബിജെപിയിലേക്ക് കൂറുമാറിയ ഈ ദിവസം, ഡൽഹിയിലും പഞ്ചാബിലും തൻ്റെ പാർട്ടിയിൽ നിന്ന് സമാനമായ കൂറുമാറ്റങ്ങൾക്ക് ബിജെപി ഗൂഢാലോചന നടത്തിയെന്ന് കെജ്രിവാൾ ആരോപിച്ചു.
പഞ്ചാബിലെ ആം ആത്മിയുടെ പത്ത് എംഎൽഎമാരെ ബിജെപി സമീപിച്ചു. ബിജെപി എംഎൽഎമാരെ വാങ്ങി സർക്കാരുകളെ തകർക്കുകയാണ്. ഓപ്പറേഷൻ താമരയുടെ പേരിൽ കോടികൾ ചെലവഴിച്ച് ബിജെപി എംഎൽഎമാരെ വേട്ടയാടുകയാണ്, ഇത് തെറ്റാണ്. എന്നാൽ ഇത് കോൺഗ്രസിൻ്റെ തെറ്റാണ്. കോൺഗ്രസിനാണ് ഇപ്പോൾ എംഎൽഎമാരെ നഷ്ടമായത്. ഡൽഹിയിലും പഞ്ചാബിലും ബിജെപിക്ക് ആം ആദ്മിയുടെ എംഎൽഎമാരെ തകർക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിച്ചതായി ആം ആദ്മി നേതാവും ധനമന്ത്രിയുമായ ഹർപാൽ സിങ് ചീമയും ആരോപിച്ചു. സർക്കാരിനെ അട്ടിമറിക്കാൻ ആം ആദ്മിയുടെ പത്ത് എംഎൽഎമാർക്കാണ് ബിജെപി പണം വാഗ്ദാനം ചെയ്തത്. ഒരു എംഎൽഎക്ക് ഇരുപത് കോടി മുതൽ ഇരുപത്തിയഞ്ച് കോടി വരെ വാഗ്ദാനം ചെയ്തതായും അദ്ദേഹം പറഞ്ഞു.
ഏതൊക്കെ എംഎൽഎമാർക്കാണ് പണം വാഗ്ദാനം ചെയ്തതെന്ന് ഹർപാൽ സിങ് വ്യക്തമാക്കിയിട്ടില്ല. ആവശ്യം വരുമ്പോൾ തെളിവുകൾ പുറത്തു വിടുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഓപറേഷൻ താമര പദ്ധതിയുടെ ഭാഗമായാണ് ബിജെപി ആംആദ്മി എംഎൽഎമാർക്ക് പണം വാഗ്ദാനം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയുടെ പേരിൽ ചിലർ ടെലിഫോണിൽ എംഎൽഎമാരെ ബന്ധപ്പെടുകയായിരുന്നു. പണവും മന്ത്രിപദവും വാഗ്ദാനം ചെയ്തു. ഇവരെ ചുമതലപ്പെടുത്തിയത് ബിജെപി കേന്ദ്രനേതൃത്വമാണ്. ഡൽഹിയിലും സമാന രീതിയിൽ എംഎൽഎമാരെ വലയിലാക്കാൻ ബിജെപി ശ്രമിച്ചിരുന്നെങ്കിലും അത് പരാജയപ്പെട്ടു. ഡൽഹിയിലെ വലിയ നേതാക്കളെ കാണാൻ അവസരമൊരുക്കാമെന്നും കൂടുതൽ എംഎൽഎമാർ വന്നാൽ 25 കോടി എന്ന തുക വർധിപ്പിക്കാമെന്ന് ബിജെപി പറഞ്ഞതായി ഹർപാൽ സിങ് ചീമ കൂട്ടിച്ചേർത്തു.
നേരത്തെ വിവിധ സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ ബിജെപി കോടികൾ ചെലവാക്കിയതായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ ആരോപണം ഉന്നയിച്ചിരുന്നു. സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ എംഎൽഎമാരെ വാങ്ങാനായി ബിജെപി 5500 കോടി ചെലവഴിച്ചു. ഒരു എംഎൽഎക്ക് ഇരുപത് കോടി നൽകിയെന്നും കെജ്രിവാൾ വ്യക്തമാക്കിയതാണ്. ഡൽഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലായിരുന്നു കെജ്രിവാളിന്റെ ആരോപണം.