മൊബൈൽ ഫോൺ റീചാർജ് പ്ലാനുകൾ ഇനി മുപ്പത് ദിവസം ലഭ്യമാകും. ഇതുവരെ ഇത് ഇരുപത്തിയെട്ട് ദിവസമായിരുന്നു. ഇരുപത്തിയെട്ട് ദിവസം കാലാവധിയുള്ള പ്ലാനിലൂടെ വർഷത്തിൽ ഉപഭോഗ്താക്കൾ പതിമൂന്ന് തവണ റീചാർജ് ചെയ്യേണ്ടതുണ്ട്. ഇനി മുതൽ 30 ദിവസത്തെ റീചാർജ് പ്ലാനുകൾ അവതരിപ്പിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യ (ട്രായ്), ടെലികോം കമ്പനികൾക്ക് നിർദേശം നൽകി. പിന്നാലെയാണ് എല്ലാ ടെലികോം കമ്പനികളും മുപ്പത് ദിവസം കാലാവധിയുള്ള പ്ലാനുകൾ അവതരിപ്പിച്ചത്.
ഇതോടെ ഉപഭോഗ്താക്കൾ വർഷത്തിൽ പന്ത്രണ്ട് തവണ റീചാർജ് ചെയ്താൽ മതി. ഇരുപത്തിയെട്ട് ദിവസത്തെ റീചാർജ് പ്ലാനിലൂടെ ടെലികോം കമ്പനികൾ കൂടുതൽ പണം ഈടാക്കുന്നു എന്ന പരാതിയിലാണ് ട്രായ് പുതിയ നിർദേശം നൽകിയത്. എല്ലാ ടെലികോം കമ്പനികളും കുറഞ്ഞത് ഒരു പ്ലാൻ വൗച്ചർ, പ്രത്യേയക താരിഫ് വൗച്ചർ, കോമ്പിനേഷൻ വൗച്ചർ എന്നിവ 30 ദിവസത്തെ പ്ലാനിൽ ഉൾപ്പെടുത്തണം.
ഭാരതി എയർടെൽ 128 രൂപയുടെ പ്ലാൻ വൗച്ചറാണ് മുപ്പത് ദിവസ കലാവധിയിൽ ഉൾപ്പെടുത്തിയത്. അടുത്ത മാസം അതേ തിയതിയിൽ പുതുക്കുമ്പോൾ 131 രൂപ നൽകണം. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ 199, 229, എംടിഎൻഎൽ 151, 97, റിലയൻസ് ജിയോ 296, 259, വോഡഫോൺ ഐഡിയ 137, 141 എന്നിങ്ങനെയാണ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്.