രാജസ്ഥാനിൽ മന്ത്രിക്കു നേരെ ഷൂ ഏറ്. രാജസ്ഥാൻ യുവജനകാര്യ-കായിക വകുപ്പ് മന്ത്രി അശോക് ചന്ദ്നക്ക് നേരെയാണ് ഷൂ എറിഞ്ഞത്. സംഭവത്തിൽ രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെതിരെ ആരോപണവുമായി മന്ത്രി അശോക് ചന്ദന രംഗത്തെത്തി. സച്ചിൻ പൈലറ്റിൻ്റെ അനുയായികളാണ് തനിക്കെതിരെ ഷൂ എറിഞ്ഞതെന്നാണ് മന്ത്രി ആരോപിക്കുന്നത്. ഷൂ എറിഞ്ഞ പ്രവർത്തകർ പൈലറ്റിനായി മുദ്രാവാക്യവും വിളിച്ചു. ഗുർജ്ജർ നേതാവ് കേണൽ കിരോരി സിംഗ് ബെയിൻസ്ലയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന പരിപാടിയിൽ സച്ചിൻ പൈലറ്റിനെ വിളിക്കാഞ്ഞതാണ് പ്രകോപനത്തിന് കാരണം. മുൻ ഉപമുഖ്യമന്ത്രിയെ പരിപാടിയിലേക്ക് ക്ഷണിച്ചില്ലെന്നാരോപിച്ച് ജനക്കൂട്ടത്തിലുണ്ടായിരുന്ന പൈലറ്റിൻ്റെ അനുയായികൾ ‘സച്ചിൻ പൈലറ്റ് സിന്ദാബാദ്’ മുദ്രാവാക്യം വിളിക്കുകയും വേദിയിലേക്ക് ഷൂ എറിയുകയായിരുന്നു.
തനിക്ക് നേരെ ഷൂ എറിഞ്ഞാൽ പൈലറ്റ് മുഖ്യമന്ത്രിയാകുമെങ്കിൽ ആകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. താൻ സംഘർഷത്തിന് ഇല്ലെന്നും സംഘർഷമുണ്ടായാൽ ഒരാളെ ശേഷിക്കൂവെന്നും താൻ അത് ആഗ്രഹിക്കുന്നില്ലെന്നും അശോക് ചന്ദ്ന തിങ്കളാഴ്ച ട്വീറ്റ് ചെയ്തു. ബിജെപി എംപിയും ലോക്സഭാ സ്പീക്കറുമായ ഓം ബിർള, ബിജെപി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയ, കോൺഗ്രസ് എംഎൽഎയും വ്യവസായ മന്ത്രിയുമായ ശകുന്തള റാവത്ത് എന്നിവരും നിമജ്ജന പരിപാടിയിൽ പങ്കെടുത്തു.