ബിജെപി ഭരിക്കുന്ന കർണാടകയിൽ ജാഥ സംഘടിപ്പിക്കാനൊരുങ്ങി സിപിഎം. കർണാടകയിലെ ബാഗെപ്പള്ളിയിലാണ് സിപിഎം സംസ്ഥാന കമ്മറ്റി ബഹുജന റാലിയും പൊതുയോഗവും സംഘടിപ്പിക്കുന്നത്. കേരളാ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ പരിപാടിയിൽ പങ്കെടുക്കും. പിണറായി വിജയന് പുറമെ സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം എ ബേബിയും, ബി വി രാഘവലുവും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. സെപ്റ്റംബർ പതിനെട്ടിനാണ് റാലി.
മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ബിജെപിക്കെതിരെയാണെന്ന് പറയുമ്പോഴും ബിജെപിക്ക് ഒരു സീറ്റുപോലും ഇല്ലാത്ത കേരളത്തിൽ 19 ദിവസം പര്യടനം നടത്തുന്നുണ്ട്. അതേസമയം ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഭാരത് ജോഡോ കടന്നുപോകുന്നത് കേവലം രണ്ട് ദിവസം മാത്രമാണ്. ഇതോടെ ഭാരത് ജോഡോ യാത്ര ബിജെപിക്കെതിരാണെന്ന പ്രചാരണം വ്യാജമാണെന്നും പരിഹാസമാണെന്നും ആരോപണം ഉയർന്നിരുന്നു.
ഈ സാഹചര്യത്തിലാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് സിപിഎം ബഹുജന റാലിയും പൊതുയോഗവും സംഘടിപ്പിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം രണ്ടാം സ്ഥാനത്ത് വന്ന മണ്ഡലമാണ് ബാഗെപ്പള്ളി. സിപിഎമ്മിന് അമ്പതിനായിരത്തിന് മുകളിൽ വോട്ടുകളാണ് ഈ മണ്ഡലത്തിലുള്ളത്. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ വിജയിക്കാനുള്ള പ്രവർത്തനമായും ബിജെപി സർക്കാരിനെതിരായ പ്രതിഷേധവുമായാണ് സിപിഎം പരിപാടിയെ കാണുന്നത്.