കോൺഗ്രസ് പാർട്ടി തീർന്നെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കോൺഗ്രസിൻ്റെ ചോദ്യങ്ങളെ കുറിച് ആരും ആശങ്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മി സർക്കാരിനെതിരായ കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു കെജ്രിവാൾ. പഞ്ചാബിലെ ആം ആദ്മി സർക്കാർ ഗുജറാത്ത് തെരഞ്ഞെടുപ്പ് പരസ്യങ്ങൾക്കായി കോടികൾ ചെലവാക്കിയെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും സർക്കാരിന് സാധിക്കുന്നില്ല. പഞ്ചാബ് സർക്കാർ കടക്കെണിയിലാണെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.
ആം ആദ്മി പാർട്ടി ദേശീയ കൺവീനർ കൂടിയായ അരവിന്ദ് കെജ്രിവാൾ ഇപ്പോൾ ഗുജറാത്ത് സന്ദർശനത്തിലാണ്. അടുത്ത വർഷമാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്. കോൺഗ്രസിന്റെ ആരോപണത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ആരാണിത് പറഞ്ഞെതെന്നായിരുന്നു കെജ്രിവാളിന്റെ ആദ്യ പ്രതികരണം. കോൺഗ്രസാണെന്ന് മാധ്യമങ്ങൾ വ്യക്തമാക്കി. കോൺഗ്രസ് തീർന്നു, അവരുടെ ചോദ്യങ്ങൾ ചോദിക്കാതിരിക്കൂ, ജനങ്ങൾക്ക് ഇക്കാര്യം വ്യക്തമായിട്ടുള്ളതാണ്, കോൺഗ്രസിന്റെ ചോദ്യങ്ങളെക്കുറിച്ച് ആരും ആശങ്കപ്പെടുന്നില്ലെന്നും കെജ്രിവാളിന്റെ മറുപടി നൽകി.