കൊൽക്കത്ത: അഴിമതി ആരോപണം ഉന്നയിച്ച് മമത ബാനര്‍ജി സര്‍ക്കാരിനെതിരെ ബിജെപി നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. സെക്രട്ടറിയേറ്റിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. നഗരത്തിൻ്റെ മൂന്ന് ഭാഗങ്ങളില്‍ നിന്നാണ് സെക്രട്ടേറിയറ്റ് ലക്ഷ്യമാക്കി ബിജെപി മാര്‍ച്ച് സംഘടിപ്പിച്ചത്. ഇത് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. പോലീസ് ജലപീരങ്കിയും കണ്ണീര് വാദകവും പ്രയോഗിച്ചു. പ്രതിഷേധക്കാർ പോലീസ് ജീപ്പ് അഗ്നിക്കിരയാക്കി. ഹൂഗ്ലി നദിയുടെ രണ്ടാം പാലത്തിന് സമീപമാണ് പ്രതിഷേധക്കാരെ പോലീസ് തടഞ്ഞത്.
ബംഗാളിനെ ഉത്തരകൊറിയയാക്കി മാറ്റാനാണ് മമത ശ്രമിക്കുന്നതെന്നും ജനങ്ങളുടെ പിന്തുണ നഷ്ടപ്പെടുന്ന അവര്‍ പോലീസിനെ ഉപയോഗിച്ച് ഏകാധിപതിയായി പെരുമാറുകയാണെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു. മാര്‍ച്ച് കൊല്‍ക്കത്തയിലേക്ക് നീങ്ങാനുള്ള നീക്കത്തിനിടെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, ബിജെപി എംപി ലോക്കറ്റ് ചാറ്റര്‍ജി, രാഹുല്‍ സിന്‍ഹ ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.