ജമ്മുകാശ്മീരിന് പുറമെ അസമിലും കോൺഗ്രസിന് കനത്ത തിരിച്ചടി. അസം പ്രദേശ് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി കമ്രുൾ ഇസ്ലാം ചൗധരി സ്ഥാനം രാജിവെച്ചു. കമ്രുൾ ഇസ്ലാം ചൗധരി പാർട്ടിയിലെ പ്രാഥമിക അംഗത്വവും രാജിവെച്ചിട്ടുണ്ട്. രാജിക്കത്തിൽ ചൗധരി കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം നടത്തി.
എൻഎസ്യുഐ ദേശീയ ജനറൽ സെക്രട്ടറി, എപിവൈസി പ്രസിഡന്റ്, എപിസിസി ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ ഐഎൻസിയെ പ്രതിനിധീകരിക്കാൻ എനിക്ക് അവസരം തന്നതിന് നിങ്ങൾക്കും ഐഎൻസിയുടെ നേതൃത്വത്തിനും ഹൃദയംഗമമായ നന്ദി. എന്നാൽ, കഴിഞ്ഞ കുറച്ച് മാസങ്ങളായി എപിസിസിയുടെ ദിശാബോധമില്ലാത്തതും ആശയക്കുഴപ്പത്തിലായതുമായ നേതൃത്വം കാരണം അസമിലെ കോൺഗ്രസ് പാർട്ടിയുടെ അസ്ഥിരത, ഐഎൻസി അംഗമായി തുടരാൻ എനിക്ക് ഒരു കാരണവും അവശേഷിപ്പിക്കുന്നില്ലെന്നും ചൗധരി പറഞ്ഞു.
അടുത്തിടെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്ത പാർട്ടി എംഎൽഎയ്ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വർഷങ്ങളായി പാർട്ടിക്ക് വേണ്ടി രക്തവും വിയർപ്പും നൽകിയ എന്നെപ്പോലുള്ള താഴെത്തട്ടിലുള്ള ആയിരക്കണക്കിന് പ്രവർത്തകരുടെ മനോവീര്യം കെടുത്തിയ പ്രവർത്തിയാണ്. അതിനാൽ എപിസിസി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും ഐഎൻസിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും രാജിക്കത്ത് സമർപ്പിക്കുന്നു എന്നും അദ്ദേഹം രാജിക്കത്തിൽ വ്യക്തമാക്കി.
മുതിർന്ന കോൺഗ്രസ് നേതാവും ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ് കഴിഞ്ഞ മാസം ഇരുപത്തിയാറിന് പാർട്ടി വിട്ടിരുന്നു. ഗുലാം നബി ആസാദിനെ പിന്തുണച്ച് മുൻ മന്ത്രിയടക്കം ജമ്മു കശ്മീരിലെ അറുപതോളം കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ടതിന് പിന്നാലെയാണ് അസമിൽ നിന്ന് ഒരു കോൺഗ്രസ് നേതാവുകൂടി രാജിവെച്ചത്.