പുതിയ പാർട്ടി പ്രഖ്യാപനം പത്തു ദിവസത്തിനകം ഉണ്ടാകുമെന്ന് ഗുലാം നബി ആസാദ്. കോൺഗ്രസിലെ 90 ശതമാനം നേതാക്കളും തനിക്കൊപ്പമാണെന്നും മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഗുലാം നബി ആസാദ് പറഞ്ഞു. ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിലെ തിരുത്തൽ വാദി വിഭാഗമായ ജി-23 ലെ പ്രധാനിയായിരുന്ന ഗുലാം നബി ആസാദ് കഴിഞ്ഞ മാസമാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. ജമ്മുകശ്മീർ കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കമാണ് പാർട്ടിവിടാനുള്ള കാരണം. പാർട്ടിയിൽ നിന്നും രാജിവെച്ച ഗുലാം നബി ആസാദ് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. ഗുലാം നബിയെ പിന്തുണച്ച് മുൻ മന്ത്രിയടക്കം അറുപതോളം മുതിർന്ന കോൺഗ്രസ് നേതാക്കൾ പാർട്ടിയിൽ നിന്നും രാജിവെച്ചിട്ടുണ്ട്. നൂറോളം പ്രാദേശിക ജനപ്രതിനിധികളും കോൺഗ്രസിൽനിന്ന് രാജിവെച്ച് ഗുലാം നബിക്കൊപ്പം ചേർന്നു.
ജമ്മു കശ്മീർ ആസ്ഥാനമാക്കിയായിരിക്കും പാർട്ടിയുടെ പ്രവർത്തനം. ജമ്മുകശ്മീരിന്റെ സമ്പുർണ സംസ്ഥാന പദവി തിരിച്ചുപിടിക്കുകയായണ് പാർട്ടിയുടെ പ്രധാന അജണ്ട. പിഡിപി, നാഷണൽ കോൺഫറൻസ് തുടങ്ങിയ കശ്മീർ പാർട്ടികളുമായി യോജിച്ച് പ്രവർത്തിക്കാനാണ് സാധ്യത, എന്നാൽ ബിജെപിയുമായി സഖ്യം ചേരില്ല എന്ന് അദ്ദേഹം ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
ദേശീയ പാർട്ടിക്കല്ല ഇപ്പോൾ മുൻഗണന നൽക്കുന്നത്. കാരണം അതിന് ഒരുപാട് കൂടിയാലോചനകൾ ആവശ്യമാണ്. മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ചായിരിക്കും അത് ചെയ്യുക. ഞങ്ങൾ ഒരു ദേശീയ പാർട്ടി തുടങ്ങുന്നു എന്ന് പ്രഖ്യാപിക്കുമ്പോൾ തീർച്ചയായും ആളുകൾ വരും. ഇപ്പോൾ എന്റെ പ്രഥമ പരിഗണന ജമ്മു കശ്മീർ ആണ്, കോൺഗ്രസിന്റെ 90 ശതമാനം നേതാക്കളും തനിക്കൊപ്പമാണ്. (ജെ & കെ) ഇതിനകം തന്നെ എനിക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.