രാജ്യത്തെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ചു നിന്നാൽ ബിജെപിയെ അനായാസം പരാജയപെടുത്താനാകുമെന്ന് ആർജെഡി നേതാവും ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. ബീഹാർ മുഖ്യമന്ത്രിയും ജെഡിയു അഖിലേന്ത്യാ പ്രസിഡന്റുമായ നിതീഷ് കുമാറിൻ്റെ ഡൽഹി സന്ദർശനത്തിന് പിന്നാലെയാണ് തേജസ്വി യാദവിൻ്റെ പ്രതികരണം.
ഡൽഹിയിൽ എത്തിയ നിതീഷ് കുമാർ വിവിധ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സമാജ്വാദി പാർട്ടി നേതാക്കളായ മുലായം സിംഗ് യാദവ്, അഖിലേഷ് യാദവ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തുടങ്ങിയവരുമായിട്ടാണ് നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തിയത്.
എല്ലാ പാർട്ടികളും ഒരുമിച്ച് നിന്നാൽ 2024ലെ പൊതുതിരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിക്കും. ‘ പ്രതിപക്ഷത്തെ വിവിധ നേതാക്കളെ ഒന്നിപ്പിക്കാനുള്ള എന്റെ ശ്രമങ്ങൾ തുടരും. പ്രതിപക്ഷ നേതാക്കൾ എല്ലാവരും വൈകാതെ ഒരുമിക്കും. ബിജെപിക്കെതിരായ പോരാട്ടത്തിൽ എല്ലാവരും ഒരുമിച്ച് വരുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനമുണ്ടാകും. നിലവിൽ അത് എന്തായാലും താനല്ലെന്നും’ നിതീഷ് കുമാർ വ്യക്തമാക്കി. ബീഹാറിൽ കഴിഞ്ഞ മാസമാണ് ബിജെപിയുമായുള്ള സഖ്യം നിതീഷ് കുമാറിന്റെ ജെഡിയു അവസാനിപ്പിച്ചത്.