ന്യൂഡൽഹി: 2024 പൊതുതെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ മാസ്റ്റർ പ്ലാൻ തയ്യാറാക്കി ബിജെപി. കേന്ദ്ര മന്ത്രിമാരുടെ ലോക്സഭാ പ്രവാസ് ക്യാമ്പയിൻ തുടരും. പാർട്ടിക്ക് സ്വാധീനം കുറഞ്ഞ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കേന്ദ്രമന്ത്രിമാർക്ക് ബിജെപി ദേശീയ നേതൃത്വം നിർദേശം നൽകി. 144 മണ്ഡലങ്ങളിൽ സന്ദർശനം നടത്തിയ കേന്ദ്ര മന്ത്രിമാർ ദേശീയ നേതൃത്വത്തിന് നൽകിയ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ,ബിജെപി ദേശിയ അധ്യക്ഷൻ ജെ പി നദ്ദ എന്നിവർ യോഗം ചേർന്ന് വിലയിരുത്തി. 144 പാർലമെന്റ് സീറ്റുകളിൽ 45ലും പാർട്ടിയുടെ പ്രകടനം മോശമെന്നാണ് വിലയിരുത്തൽ. പിയൂഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ, ഭൂപേന്ദ്ര യാദവ്, നരേന്ദ്ര സിംഗ് തോമർ, സ്മൃതി ഇറാനി, അനുരാഗ് ഠാക്കൂർ, മൻസുഖ് മാണ്ഡവ്യ, ജ്യോതിരാദിത്യ സിന്ധ്യ, അശ്വിനി വൈഷ്ണവ് തുടങ്ങിയ പ്രമുഖ കേന്ദ്രമന്ത്രിമാരാണ് റിപ്പോർട്ട് സമർപ്പിച്ചത്.
പാർട്ടിയുടെ സ്വാധീനം നഷ്ടപ്പെട്ട 45 മണ്ഡലങ്ങളിൽ തങ്ങളുടെ രാഷ്ട്രീയം എത്തിക്കാനും വോട്ടർമാരെ സ്വാധീനിക്കാനും പാർട്ടി ഒരു ബഹുജന ഔട്ട്റീച്ച് പ്രോഗ്രാം ഏറ്റെടുക്കുമെന്ന് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കി. ബീഹാറിലെ കിഷൻഗഞ്ച്, നവാഡ സീറ്റുകളിൽ നിന്ന് ബിജെപിക്ക് “വളരെ നെഗറ്റീവ് ഫീഡ്ബാക്ക്” ലഭിച്ചു, മഹാരാഷ്ട്രയിലെയും മറ്റ് സംസ്ഥാനങ്ങളിലെയും ചില ലോക്സഭാ മണ്ഡലങ്ങളിൽ നിന്ന് നെഗറ്റീവ് ഫീഡ്ബാക്ക് ലഭിച്ചുവെന്ന് മുതിർന്ന പാർട്ടി നേതാക്കൾ പറഞ്ഞു. ന്യൂനപക്ഷ ഭൂരിപക്ഷമുള്ള ലോക്സഭാ മണ്ഡലങ്ങളിൽ നിന്ന് മാത്രമല്ല, പശ്ചിമ ബംഗാൾ, തെലങ്കാന, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിലെ മുസ്ലിം ഇതര മണ്ഡലങ്ങളിൽ നിന്നും നെഗറ്റീവ് ഫീഡ്ബാക്ക് ലഭിച്ചുവെന്നാണ് റിപ്പോർട്ട്. ഉത്തർപ്രദേശിൽ നിന്നുള്ള പ്രതികരണവും പോസിറ്റീവ് ആയിരുന്നില്ല. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സാധ്യതയുള്ള സ്ഥാനാർത്ഥികളുടെ പട്ടികയും 144 മണ്ഡലങ്ങളിൽ നിന്ന് കേന്ദ്ര നേതൃത്വത്തിന് രഹസ്യമായി നൽകിയതായും, ഈ 144 ലോക്സഭാ സീറ്റുകളിൽ കുറഞ്ഞത് 50 മുതൽ 60 വരെ സീറ്റുകൾ നേടാൻ പാർട്ടി ലക്ഷ്യമിടുന്നതായി ബിജെപി എം പി പ്രതികരിച്ചു.