മഹാരാഷ്ട്രയിലെ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക് ചവാന് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി ചവാന് കൂടിക്കാഴ്ച നടത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായി പ്രവര്‍ത്തിക്കുന്ന ആശിഷ് കുല്‍ക്കര്‍ണിയുടെ വീട്ടില്‍ വ്യാഴാഴ്ചയായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു.
മഹാരാഷ്ട്രാ സര്‍ക്കാരിൻ്റെ രണ്ടാം ഘട്ട മന്ത്രിസഭാ വികസനം വൈകാതെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് വിട്ടാല്‍ മന്ത്രി പദവി നല്‍കാമെന്ന് ബിജെപി നേതൃത്വം പല മുതിര്‍ന്ന നേതാക്കളെയും അറിയിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഫഡ്നവിസ് – അശോക് ചവാന് കൂടിക്കാഴ്ച.
എന്നാല്‍ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നും ബിജെപിയില്‍ ചേരുമെന്നത് അടിസ്ഥാന രഹിതമായ പ്രചാരണമാണെന്നും അശോക് ചവാന് പ്രതികരിച്ചു. ഗണേഷ് ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി ആശിഷ് കുല്‍ക്കര്‍ണിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിപ്പോള്‍ ദേവേന്ദ്ര ഫഡ്നവിസും അവിടെ ഉണ്ടായിരുന്നുവെന്നും മുന്‍കൂട്ടി തീരുമാനിച്ച കൂടിക്കാഴ്ചയല്ലെന്നുമാണ് അശോക് ചവാന്റെ വിശദീകരണം.
കഴിഞ്ഞ മാസം മഹാരാഷ്ട്ര നിയമസഭയില്‍ ഷിന്‍ഡെ – ഫഡ്നവിസ് സര്‍ക്കാരിൻ്റെ ഫ്ളോര്‍ ടെസ്റ്റ് നടന്നപ്പോള്‍ അശോക് ചവാനും അദ്ദേഹത്തിൻ്റെ അനുയായികളായ 10 എംഎല്‍എമാരും സര്‍ക്കാരിനെതിരെ വോട്ട് ചെയ്തിരുന്നില്ല. ട്രാഫിക്കില്‍ കുടുങ്ങിയതിനാലാണ് വോട്ട് ചെയ്യാന്‍ സാധിക്കാഞ്ഞതെന്നായിരുന്നു ഇതില്‍ ഭൂരിഭാഗം എംഎല്‍എമാരുടെയും വിശദീകരണം. കോണ്‍ഗ്രസ് അടങ്ങുന്ന മഹാ വികാസ് അഘാഡിക്ക് 99 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
2008-2010 കാലയളവില്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രിയായിരുന്ന അശോക് ചവാന് നന്ദേഡ് മേഖലയിലെ പ്രധാന നേതാവാണ്. ആദര്‍ശ് ഫ്ലാറ്റ് അഴിമതിയെത്തുടര്ന്നായിരുന്നു 2010ല്‍ അദ്ദേഹത്തിന് രാജിവയ്ക്കേണ്ടി വന്നത്.