രാജ്യം തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ചു. കൊച്ചി കപ്പൽശാലയിൽ രാവിലെ 10ന് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കപ്പൽ നാവികസേനയ്ക്ക് ഔദ്യോഗികമായി കൈമാറിയത്. ഇതോടെ രാജ്യത്തിൻറെ 15 വർഷത്തെ പ്രയത്നമാണ് യാഥാർഥ്യമായത്. 20,000 രൂപ ചിലവാക്കി നിർമ്മിച്ച കപ്പലിന്റെ 76 ശതമാനത്തോളം ഭാഗങ്ങളും ഇന്ത്യൻ നിർമ്മിതമാണ്. ഇന്ത്യയിലിതുവരെയും നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ യുദ്ധക്കപ്പലാണ് ഐഎൻഎസ് വിക്രാന്ത്.
1971 ലെ യുദ്ധത്തിൽ നിർണായകപങ്കുവഹിച്ച ഇന്ത്യയിലെ ആദ്യത്തെ വിമാനവാഹിനിക്കപ്പലിന്റെ ഓർമയ്ക്കാണ് ഐഎൻഎസ് വിക്രാന്ത് എന്ന് പേരിട്ടത്. 2005 ൽ നടന്ന ചടങ്ങിൽ സ്റ്റീൽ മുറിച്ചുകൊണ്ടാണ് കപ്പലിന്റെ നിർമാണത്തിന് തുടക്കം കുറിച്ചത്. 262 മീറ്റർ നീളവും 62 മീറ്റർ വീതിയുമുള്ള വിക്രാന്ത് പൂർണമായി ലോഡ് ചെയ്യുമ്പോൾ 43,000 ടണ്ണോളം ഭാരശേഷി വരുന്നു. 7500 നോട്ടിക്കൽ മൈൽ ദൂരത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. 2200 കംപാർട്മെന്റുകളുള്ള കപ്പലിൽ ഏകദേശം 1600 ജീവനക്കാർക്ക് കഴിയാനാകും. 30 എയർക്രാഫ്റ്റുകൾ ഒരേ സമയം നിർത്തിയിടാൻ കഴിയുന്ന രീതിക്കാണ് കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഐഎൻഎസ് വിക്രാന്തിനോടൊപ്പം നാവികസേനയ്ക്ക് വേണ്ടി പുതുതായി രൂപകൽപ്പന ചെയ്ത പതാകയും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.