കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പുർബ ബർധമാൻ ജില്ലാ ആസ്ഥാനത്ത് സിപിഐ(എം) മാർച്ചിന് നേരെ പോലീസ് നരനായാട്ട്. സംഭവത്തെ സിപിഐ(എം) പൊളിറ്റ് ബ്യൂറോ അപലപിച്ചു. സമാധാനപരമായി നടത്തിയ പ്രതിഷേധത്തിന് നേരെ ക്രൂരമായ ആക്രമണമാണുണ്ടായത്. പ്രകോപനമില്ലാതെ അക്രമം അഴിച്ചുവിട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്നും, ജനാധിപത്യ അവകാശങ്ങളെ തകർക്കുന്ന ഇത്തരം ആക്രമണം അംഗീകരിക്കാനാവില്ല. അറസ്റ്റുചെയ്ത നേതാക്കളെയും പ്രവർത്തകരേയും നിരുപാധികം വിട്ടയക്കണമെന്നും കള്ളക്കേസുകൾ പിൻവലിക്കണമെന്നും പി ബി ആവശ്യപ്പെട്ടു.
പൊലീസ് നടത്തിയ ആക്രമണത്തിൽ 250ഓളം പ്രവർത്തകർക്കും നേതാക്കൾക്കും ഗുരുതരമായി പരിക്കേറ്റു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം അഭാസ് റോയ് ചൗധരി ഉൾപ്പെടെ 41 പേർക്ക് ജാമ്യം നിഷേധിച്ച് ജയിലിലടച്ചിരിക്കുകയാണ്. സംഭവത്തിൽ 170 ഓളം പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
1959ലെ ഐതിഹാസിക ഭക്ഷ്യസമരത്തിൽ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ച 80 പേരെ അനുസ്മരിച്ച് എല്ലാവർഷവും ആഗസ്ത് 31നു സംസ്ഥാനത്ത് ജില്ലാ ആസ്ഥാനങ്ങളിൽ സിവിൽ നിസ്സഹകരണ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഇത്തവണ ഇതിൻ്റെ ഭാഗമായി പൂർവ ബർധമാൻ കലക്ടറുടെ ഓഫീസിലേയ്ക്ക് മാർച്ച് ചെയ്തവർക്കുനേരെ പ്രകോപനരഹിതമായി ജലപീരങ്കി പ്രയോഗിക്കുകയും തുടർന്ന് ക്രൂരമായ ലാത്തിച്ചാർജ് നടത്തുകയുമായിരുന്നു.