ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറുമായി അടുപ്പമുള്ള ബിജെപി നേതാവിനെ അജ്ഞാതരായ അഞ്ചംഗ സംഘം വെടിവച്ചുകൊന്നു. സോഹ്ന മാർക്കറ്റ് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ് സുഖ്ബീർ ഖത്താനയാണ് വെടിയേറ്റ് മരിച്ചത്. ഗുരുഗ്രമിലെ തുണി ഷോറൂമിനുള്ളിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. റിത്തോജ് ഗ്രാമത്തിലെ താമസക്കാരനായ സുഖ്ബീർ ഖത്താന എന്ന സുഖി സുഹൃത്തിനൊപ്പം ഷോറൂമിലേക്ക് പോയ സമയത്താണ് സദർ ബസാർ പ്രദേശത്ത് വച്ച് വെടിയേൽക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ഖത്താനയെ അടുത്തുള്ള ആർവി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ പറഞ്ഞു.
ഷോറൂമിനടുത്ത് കാർ പാർക്ക് ചെയ്ത് അവർ അകത്തേക്ക് പോകുന്നത് സിസിടിവിയിൽ നിന്ന് വ്യക്തമാകുന്നു. കുറ്റകൃത്യം നടന്ന തുണി ഷോറൂമിൽ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകളിൽ നിന്നാണ് ആയുധധാരികളായ അക്രമികളെ തിരിച്ചറിഞ്ഞത്. അഞ്ച് അക്രമികളിൽ രണ്ടു പേർ കറുത്ത ടീഷർട്ടും, ഒരാൾ വെള്ള ചെക്ക് ഷർട്ടും, മറ്റൊരാൾ തൊപ്പിയും, ഒരാൾ ചുവന്ന ഷർട്ടുമാണ് ധരിച്ചിരുന്നത്. കൊലനടത്തിയ ശേഷം ഷോറൂമിൽ നിന്ന് ഇറങ്ങിപ്പോകുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. സോഹ്നയിൽ നിന്ന് ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുകയായിരുന്നു സുഖ്ബീർ ഖത്താന. ഫോറൻസിക് സയൻസ് ലാബിന്റെയും ക്രൈം സീൻ ടീമിന്റെയും സഹായത്തോടെ ഡിസിപി ദീപക് സഹാറൻ സംഭവ സ്ഥലം പരിശോദിച്ചു. “പ്രതികളെ തേടി റെയ്ഡ് നടത്തുന്ന ക്രൈം യൂണിറ്റ് ടീം ഉൾപ്പെടെ ഞങ്ങൾ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. ഭൂരിഭാഗം പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്നും ഡിസിപി ദീപക് സഹാറൻ പറഞ്ഞു.
ഖത്താനയുടെ മകൻ അനുരാഗ് നൽകിയ പരാതിയിൽ ഖത്താനയുടെ സഹോദരനായ ചമനും അയാളുടെ തൻ്റെ കൂട്ടാളികളോടൊപ്പം ചേർന്ന് തൻ്റെ പിതാവിനെ വെടിവച്ച് കൊന്നതായി പോലീസ് പറയുന്നു. ഐപിസി സെക്ഷൻ 302 (കൊലപാതകം), 120-ബി (ക്രിമിനൽ ഗൂഢാലോചന), ആയുധ നിയമത്തിലെ 25-54-59 വകുപ്പുകൾ എന്നിവ പ്രകാരം സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിൽ ചമനും മറ്റുള്ളവർക്കുമെതിരെ കേസെടുത്തു. പോസ്റ്റുമോർട്ടം വെള്ളിയാഴ്ച നടത്തുമെന്നും പോലീസ് അറിയിച്ചു.