ഇന്ത്യ പാക്ക് ക്രിക്കറ്റ് മത്സരം കാണാൻ പാക്കിസ്ഥാൻ ജഴ്സി ധരിച്ചെത്തിയ ഇന്ത്യൻ പൗരന് ഭീഷണി. ദുബായിൽ നടന്ന ഇന്ത്യ-പാക് ഏഷ്യാകപ്പ് ട്വന്റി ട്വന്റി മത്സരത്തിനിടയിലാണ് സന്യാം ജയ്സ്വാൾ പാക്കിസ്ഥാൻ ജഴ്സി ധരിച്ചത്. ഇയാൾ ഉത്തർപ്രദേശ് സ്വദേശിയാണ്. ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇയാൾക്കിപ്പോൾ നാട്ടിലേക്ക് തിരിച്ചെത്താൻ കഴിയാത്ത സാഹചര്യമാണ്. ഇയാളുടെ കുടുംബത്തെയും ഒരു സംഘം ആളുകൾ ഭീഷണിപ്പെടുത്തി.
ഇന്ത്യ-പാക് മത്സരം കാണാനായി മാത്രമാണ് സന്യാം ജയ്സ്വാൾ യുഎഇയിൽ എത്തിയത്. സ്റ്റേഡിയത്തിൽ നിന്ന് ഇന്ത്യൻ ജഴ്സി വാങ്ങാൻ ശ്രമിച്ചെങ്കിലും വിറ്റുതിർന്നതിനാൽ ഇന്ത്യൻ ജഴ്സി ലഭിച്ചില്ല. ഇതേതുടർന്നാണ് പാകിസ്താൻ ജഴ്സി ധരിച്ച് സ്റ്റേഡിയത്തിൽ പ്രവേശിച്ചത്. എന്നാൽ ഇതേ തുടർന്ന് ഭീഷണി വരുമെന്ന് ചിന്തിച്ചിരുന്നില്ല. പാക് ജഴ്സി ധരിച്ചുകൊണ്ട് ഹിന്ദുസ്ഥാൻ സിന്ദാബാദ് വിളിച്ച് പാക് ആരാധകരേ പ്രകോപിപ്പിക്കാമെന്ന് കരുതിയാണ് ജഴ്സി ധരിച്ചത്. അത് പ്രശ്നമാകുമെന്ന് കരുതിയില്ലെന്നും ജയ്സ്വാൾ പറഞ്ഞു.
മത്സരത്തിനിടെ സന്യാം ജയ്സ്വാൾ സ്റ്റേഡിയത്തിൽ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. സന്യാം ജയ്സ്വാൾ സ്റ്റേഡിയത്തിൽ ആഹ്ലാദ നടത്തുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. പാക്കിസ്ഥാനെ പിന്തുണക്കുന്ന ഇന്ത്യക്കാരൻ എന്ന അടിക്കുറിപ്പിലാണ് വീഡിയോ പ്രചരിച്ചത്. വീഡിയോ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്തവർ ഇയാൾക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.