ഭക്ഷണം ഡെലിവറി ചെയ്യാൻ മുസ്ലിം മതസ്ഥരെ നിയോഗിക്കരുതെന്ന് സ്വിഗിയോട് ഉപഭോഗ്താവ്. ഡൽഹിയിലെ ഒരു ഉപഭോഗ്താവാണ് താൻ ഓർഡർ ചെയ്ത ഭക്ഷണം മുസ്ലിം മതസ്ഥനായ ഡെലിവറി ബോയിയെ ഏൽപ്പിക്കരുതെന്ന് ആവശ്യപ്പെട്ടത്. സന്ദേശത്തിൻ്റെ സ്ക്രീൻ ഷോട്ട് സമൂഹ മാധ്യമങ്ങളിലിപ്പോൾ വൈറലാണ്. സ്ക്രീൻഷോട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഉപഭോഗ്താവിന്റെ പ്രതികരണം വിവാദമായി. ഉപഭോഗ്താവിനെതിരെ നിരവധി ആളുകൾ ആരോപണവുമായി രംഗത്തെത്തി.
ജീവനക്കാരുടെ സംഘടനാ നേതാവായ ഷെയ്ഖ് സലാവുദീൻ ആണ് ഇതിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ട് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ഉപഭോക്താവിനെതിരെ നിലപാട് വ്യക്തമാക്കണമെന്നും ഹിന്ദുവിനും ക്രിസ്ത്യനും മുസ്ലീമിനും സിഖുകാരനും ഭക്ഷണം എത്തിക്കാൻ തങ്ങൾ ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘പ്രിയപ്പെട്ട സ്വിഗ്ഗീ, ഈ മതഭ്രാന്തനെതിരെ നിലപാട് എടുക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. എല്ലാവർക്കും ഭക്ഷണം എത്തിക്കാനാണ് ഞങ്ങൾ ഡെലിവറി തൊഴിലാളികൾ ഇവിടെയുള്ളത്. അതിൽ ഹിന്ദു, ക്രിസ്ത്യൻ, സിഖ്, മുസ്ലീം വ്യത്യാസമില്ല.’ ഷെയ്ഖ് സലാവുദ്ദീൻ ട്വീറ്റ് ചെയ്തു. അതെ സമയം സംഭവത്തിൽ സ്വിഗി ഇതുവരെ പ്രതികരിച്ചിട്ടില്ല.