ന്യൂഡൽഹി: അധ്യക്ഷനെ കണ്ടെത്താനുളള തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കോൺഗ്രസ് പുതിയ വിവാദങ്ങൾ പൊട്ടിപുറപ്പെടുന്നു. അധ്യക്ഷ തെരഞ്ഞെടുപ്പിന് മുന്നേ തന്നെ തെരഞ്ഞെടുപ്പ് പട്ടിക പ്രസിദ്ധികരിക്കണം എന്ന് ജി-23 നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. മനീഷ് തിവാരി ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസം ട്വീറ്റും ചെയ്തിരുന്നു. എന്നാൽ വോട്ടർപട്ടിക പ്രസിദ്ധികരിക്കില്ല എന്ന നിലപാടിലാണ് സോണിയ പക്ഷം നേതാക്കൾ. ഒമ്പതിനായിരത്തോളം പേർ ഉൾപ്പെടുന്ന വോട്ടർപട്ടിക സംസ്ഥാനം തിരിച്ച് പിസിസികളിൽ എത്തിക്കുമെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി പറഞ്ഞിരുന്നു. പട്ടിക രഹസ്യമല്ലെന്നും പരിശോധിക്കേണ്ടവര്‍ പി സി സി ഓഫീസുകളില്‍ പോയാല്‍ മതിയെന്നും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പരിഹസിച്ചു. ഇത് പിസിസി തെരഞ്ഞെടുപ്പല്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പാണ്. പിസിസി ഓഫീസിൽ പോയി വോട്ടർമാരെ മനസ്സിലാക്കേണ്ട ആവശ്യമെന്താണ്. സത്യസന്ധവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ പട്ടിക പ്രസിദ്ധപ്പെടുത്തൂ. വോട്ടർമാർ ആരാണെന്നറിയാതെ എങ്ങനെ മത്സരിക്കും. 10 പേർ നാമനിർദേശം ചെയ്യേണ്ടതുണ്ട്. ഇവർ വോട്ടർമാരല്ലെന്ന് പറഞ്ഞ് പത്രിക തള്ളാമെന്നും മനീഷ് തീവാരി പ്രതികരിച്ചു.
വോട്ടർപട്ടികയുടെ കാര്യത്തിൽ സുതാര്യത വേണമെന്നും മനീഷ് തീവാരിയോട് എല്ലാവരും യോഗിക്കണമെന്നും ശശി തരൂർ പറഞ്ഞു. ‘ഗാന്ധി കുടുംബത്തിൽ നിന്ന് ആരുമില്ലെന്ന് അവർ തന്നെ വ്യക്തമാക്കി കഴിഞ്ഞു. ഗാന്ധി കുടുംബത്തിൽ നിന്ന് പുറത്ത് നിന്ന് ഒരാൾ വരട്ടെ’, തരൂർ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പാർട്ടിക്ക് ഗുണം ചെയ്യും. കോൺഗ്രസിലെ ജി 23 നേതാക്കൾ തരൂരിനെ മത്സരിപ്പിച്ചിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയായിരുന്നു തരൂരിൻ്റെ പ്രതികരണം. കോൺഗ്രസിനുള്ളിൽ മാറ്റങ്ങൾ വേണമെന്ന് പറയുന്നവരെ വിമതരായി കാണരുതെന്നും താൽക്കാലിക ഇലക്ടറൽ കോളേജ് ഒരിക്കലും ഇലക്ടറൽ കോളേജാകില്ലന്നും കാർത്തി ചിദംബരം എം പി പ്രതികരിച്ചു.