ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദും തമ്മിലുള്ള കൂടിക്കാഴ്ച അടുത്ത ദിവസം നടന്നേക്കും. കോൺഗ്രസിൽ നിന്ന് രാജി വച്ചതിന് പിന്നാലെയാണ് ഗുലാം നബി ആസാദ് പ്രധാനമന്ത്രിയെ കാണാൻ എത്തുന്നത്.
രാഷ്ട്രിയ അഭ്യൂഹങ്ങൾ ശക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ചും കോൺഗ്രസ് നേത്യത്വത്തെ രൂക്ഷമായി വിമർശിച്ചും ഗുലാം നബി ആസാദ് ഇന്ന് രംഗത്ത് വന്നിരുന്നു. കോൺഗ്രസ് പ്രവർത്തക സമിതിയോഗം അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിമർശനം. കോൺഗ്രസ് ദേശിയ നേത്യത്വം പാർട്ടിയിൽ നിന്ന് പുറത്ത് പോകാൻ നിർബന്ധിച്ചപ്പോൾ തൻ്റെ വിഷമം പ്രധാനമന്ത്രി നരേന്ദ്ര മോദി കെട്ടെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി. താൻ പാർട്ടിയിൽ നിന്ന് പുറത്ത് പോയതല്ല പുറത്ത് പോകാൻ നിർബന്ധിതനായതാണെന്നും ആസാദ് മാധ്യമങ്ങളോട് പറഞ്ഞു. ഞാൻ എൻ്റെ വീട് വിട്ടുപോകാൻ നിർബന്ധിതനായി. ജി-23 നേതാക്കൾ സോണിയ ഗാന്ധിക്ക് കത്ത് എഴുതിയ ശേഷം നിരവധി യോഗങ്ങൾ ചേർന്നു. പക്ഷേ തങ്ങൾ നൽകിയ ഒരു നിർദ്ദേശം പോലും സ്വീകരിച്ചില്ല. വെള്ളിയാഴ്ച പാർട്ടിയിൽ നിന്ന് രാജിവെച്ച ഗുലാം നബി ആസാദ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. രാഹുൽ ഗാന്ധിയുടെ പക്വതയില്ലായ്മ പാർട്ടിയിലെ കൺസൾട്ടേറ്റീവ് മെക്കാനിസം തകർത്തു എന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി മനുഷ്യത്വത്തോടെയാണ് തനിക്ക് പിന്തുണ നൽകിയത്. ഗുലാം നബി ആസാദ് പ്രധാനമന്ത്രിയെ ഉടൻ സന്ദർശിയ്ക്കും എന്ന അഭ്യൂഹത്തെ സ്ഥിതികരിയ്ക്കുന്നതാണ് ഇന്നത്തെ പ്രതികരണം. ഗുലാം നബി നടത്തിയ പ്രതികരണം അദ്ദേഹത്തിന്റെ രാജിയുടെ യഥാർത്ഥ രാഷ്ട്രിയ താത്പര്യം വ്യക്തമാക്കുന്നതായ് കോൺഗ്രസ് വക്താവ് ജയറാം രമേശ് വിമർശിച്ചു.