മധ്യപ്രദേശിൽ വർഗീയ പ്രകോപനവുമായി ബജ്‌റംഗ്‌ദൾ. മധ്യപ്രദേശ് തലസ്ഥാന നഗരിയിൽ മുസ്ലിം മതസ്ഥർ നമസ്കരിക്കുന്നത് ബജ്‌റംഗ്ദൾ പ്രവർത്തകർ തടഞ്ഞു. ഭോപ്പാലിലെ ഡി ബി മാളിലാണ് സംഭവം. ഡി ബി മാളിലെ പ്രാർഥനാ മുറിയിൽ നമസ്കരിച്ചിരുന്ന മുസ്ലിം ജീവനക്കാരുടെ പ്രാർത്ഥനയാണ് ബജ്‌റംഗ്ദൾ പ്രവർത്തകർ തടസപ്പെടുത്തിയത്. പ്രാർത്ഥനാ മുറിയിൽ നമസ്ക്കരിക്കുന്നതിനെതിരെ പ്രതിഷേധവുമായെത്തിയ ബജ്‌റംഗ്ദൾ പ്രവർത്തകർ മുദ്രാവാക്യവും മുഴക്കി. ഉച്ചത്തിൽ ജയ് ശ്രീറാം മുഴക്കുകയും ഹനുമാൻ ചാലിസ ചൊല്ലുകയുമായിരുന്നു.
ഡി ബി മാളിൽ ഹിന്ദു മതസ്ഥർക്കുള്ള പ്രാർത്ഥനാ മുറിയും ഉണ്ടെന്ന് മാൾ അധികൃതർ വ്യക്തമാക്കിയിട്ടും ബജ്‌റംഗ്ദൾ പ്രവർത്തകർ പ്രധിഷേധം തുടർന്നു. പ്രതിഷേധം ശക്തമായതോടെ, മാളിൽ ഒരുവിധ മതാരാധാനകളും അനുവദിക്കില്ലെന്ന് മാൾ അധികൃതർ വ്യക്തമാക്കി. മാളിന് ഒരു കിലോമീറ്റർ ചുറ്റളവിൽ പള്ളികൾ ഇല്ലാത്തതിനാലാണ് മാളിൽ വിവിധ മതസ്ഥർക്ക് പ്രാർത്ഥനാ മുറി ഒരുക്കിയതെന്നും മാൾ അധികൃതർ പറഞ്ഞു.
പ്രശ്നം രൂക്ഷമായതോടെ പോലീസ് സ്ഥലത്തെത്തി. പ്രശ്നം പരിഹരിച്ചതായും മാളിലും പരിസരത്തും യാതൊരുവിധ മതാരാധാനകളും അനുവദിക്കില്ലെന്ന് മാൾ അധികൃതർ പ്രസ്താവനയിറക്കിയതായും അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ രാജേഷ് ഭദൗരിയ പറഞ്ഞു.