ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരി. ഗുലാം നബി ആസാദ് പാർട്ടി വിട്ടതിനു പിന്നാലെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. കോൺഗ്രസ് ആത്മപരിശോധന നടത്താൻ തയ്യാറാകണം. ഒരു വാർഡ് തെരഞ്ഞെടുപ്പിനെ നേരിടാൻ ശക്തിയില്ലാത്തവരാണ് ഇപ്പോൾ വലിയ കാര്യങ്ങൾ സംസാരിക്കുന്നത്. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിച്ചിരുന്നങ്കിൽ നിലവിലെ സാഹചര്യം വരില്ലായിരുന്നു. പാർട്ടിയുടെ ഭാവി ആശങ്കാജനകമാണെന്നും ഗൗരവതരമായി കാണണമെന്നും പറഞ്ഞുകൊണ്ട് രണ്ടു വർഷം മുമ്പ് സോണിയാ ഗാന്ധിക്ക് കത്തെഴുതിയതാണ്. രാജ്യവും കോൺഗ്രസ് പാർട്ടിയും ചിന്തിക്കുന്നത് രണ്ട് തരത്തിലാണെന്നും സോണിയ ഗാന്ധിക്ക് കത്തെഴുതിയ ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പിലും പാർട്ടി പരാചയപെട്ടന്നും തിവാരി പറഞ്ഞു.
ഇന്നലെയാണ് ഗുലാം നബി ആസാദ് കോൺഗ്രസിൻ്റെ പ്രാഥമികാംഗത്വം രാജിവെച്ചത്. സോണിയ ഗാന്ധിക്ക് നൽകിയ രാജിക്കത്തിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനമാണ് ഗുലാം നബി ആസാദ് ഉന്നയിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിക്ക് ഇനിയും കുട്ടിക്കളി മാറിയിട്ടില്ല. മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അപക്വതയാണ് പാർട്ടിയെ തകർത്തെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
2013ൽ രാഹുൽ ഗാന്ധി വൈസ് പ്രസിഡന്റായി ചുമതലയേറ്റതു മുതലാണ് പാർട്ടിയുടെ കൂട്ടായ പ്രവർത്തനം തകർന്നത്. ഇതോടെ മുതിർന്ന നേതാക്കളെ മാറ്റി നിർത്തി പ്രവർത്തന പരിചയമില്ലാത്ത മുഖസ്തുതിക്കാർ പാർട്ടിയെ നയിക്കാൻ തുടങ്ങി. 2014 ലെ പൊതു തിരഞ്ഞെടുപ്പിൽ പാർട്ടി തോൽക്കാൻ കാരണം രാഹുൽ ഗാന്ധിയുടെ കുട്ടികളിയാണെന്നും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി.
കോൺഗ്രസ് നേതൃത്വത്തിനെതിരെ കേരളത്തിലെ കോൺഗ്രസ് നേതാവായ ഡൊമിനിക് പ്രസന്റേഷനും വിമർശനം ഉന്നയിരിച്ചിരുന്നു. കേരളത്തിന് പുറത്ത് ബിജെപിയും കോൺഗ്രസും തമ്മിൽ വ്യത്യാസമില്ല. കേരളത്തിലെ കോണ്‍ഗ്രസില്‍ ബഹുഭൂരിപക്ഷവും നില്‍ക്കുന്നത് ഐഡിയോളജി ബേസിലാണ്. കോണ്‍ഗ്രസിൻ്റെ ആദര്‍ശങ്ങളും മതേത്വരത്വവും ജനാധിപത്യവും പിന്തുടരുന്നവരാണ് കേരളത്തിലെ കോണ്‍ഗ്രസിലുള്ളത്. പക്ഷെ കേരളത്തിൻ്റെ പുറത്തേക്ക് പോകുമ്പോള്‍ പലര്‍ക്കും ഐഡിയോളജി നഷ്ടപ്പെടും. കേരളത്തിൻ്റെ പുറത്ത് ബിജെപിയും കോണ്‍ഗ്രസും വലിയ വ്യത്യാസമില്ല. ഐഡിയോളജിക്കല്‍ ബേസുള്ളവരാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍. അത് അറിയാവുന്ന ഒരാളായിരുന്നു ഗുലാം നബി ആസാദ്. അവരൊക്കെ പോകുമ്പോള്‍ സങ്കടമുണ്ട്. അത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്നുണ്ടെന്നും ഡൊമിനിക് പ്രസന്റേഷൻ പ്രതികരിച്ചു.