റാഞ്ചി: ബിജെപിയുടെ കുതിരക്കച്ചവട ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ ജാർഖണ്ഡിലെ എം എൽ എമാരെ ഛത്തീസ്ഗഡിലേക്ക് മാറ്റി. ഖനന പാട്ടക്കരാർ സംബന്ധിച്ച് എം.എൽ.എ എന്ന നിലയിൽ അയോഗ്യനാക്കപ്പെടുമെന്ന ഊഹാപോഹങ്ങൾക്കിടയിൽ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ വെള്ളിയാഴ്ച ഭരണ സഖ്യ നിയമസഭാ സാമാജികരുമായി തൻ്റെ ഔദ്യോഗിക വസതിയിൽ ഭാവി തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിനും അവരുടെ ഐക്യത്തിൻ്റെ സന്ദേശം നൽകുന്നതിനുമായി രണ്ടുതവണ കൂടിക്കാഴ്ച നടത്തി. ഇന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ഔദ്യോഗിക വസതിയിൽ യുപിഎ എംഎൽഎമാരുടെ യോഗവും വിളിച്ചതിനു ശേഷമാണ് എംഎൽഎമാരെ റോഡ് മാർഗം ഛത്തീസ്ഗഢിലേക്ക് മാറ്റിയത്. സ്വന്തം സർക്കാരിനെ കുതിരക്കച്ചവടത്തിൽ നിന്ന് സംരക്ഷിക്കാനാണ് ‘റിസോർട്ട് പൊളിറ്റിക്സ്’ അവലംബിക്കാൻ തങ്ങൾ നിർബന്ധിതരായതെന്ന് ജെഎംഎം അംഗങ്ങൾ പറഞ്ഞു.
2021-ൽ ഖനനവകുപ്പ് കൈവശംവച്ചിരിക്കെ മുഖ്യമന്ത്രി ഖനന പാട്ടം അനുവദിച്ചുവെന്ന ആരോപണത്തിൽ അദ്ദേഹത്തെ അയോഗ്യനാക്കാൻ ഗവർണർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ജാർഖണ്ഡിലെ ഹേമന്ത് സോറൻ സർക്കാരിനെക്കുറിച്ച് അനിശ്ചിതത്വം ഉടലെടുത്തത്. മുൻ മുഖ്യമന്ത്രി രഘുബർ ദാസിൻ്റെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധി സംഘം ഫെബ്രുവരി 10 ന് ഗവർണർ രമേഷ് ബായിസിനെ കാണുകയും 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 9 എ പ്രകാരം ഭരണഘടനാ വകുപ്പ് ലംഘിച്ചുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി സോറനെ അയോഗ്യനാക്കണമെന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഒരു മെമ്മോറാണ്ടം കൈമാറിയിരുന്നു.