ന്യൂഡൽഹി: രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനോട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റടുക്കണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഈ മാസം കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് തീയതികളുടെ കൃത്യമായ ഷെഡ്യൂൾ അംഗീകരിക്കുന്നതിനായി പാർട്ടിയുടെ ഏറ്റവും ഉയർന്ന തീരുമാനമെടുക്കുന്ന ബോഡിയായ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (CWC) ഓഗസ്റ്റ് 28-ന് വെർച്വൽ മീറ്റിംഗ് നടത്താനിരിക്കെയാണ് സോണിയയുടെ നീക്കം. വിദഗ്ധ ചികിത്സയ്ക്കായി സോണിയ ഗാന്ധി വിദേശത്തേക്ക് പോകുന്നതിന് മുമ്പ് ചുമതല ഏറ്റെടുക്കണമെന്ന് അശോക് ഗെഹ്ലോട്ടിനോട് സോണിയ അഭ്യർത്ഥിച്ചതായി വൃത്തങ്ങൾ സൂചിപ്പിച്ചു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയക്കൊപ്പം വിദേശത്തേക്ക് പോകുന്നുണ്ട്. ഇന്നലെ നടന്ന കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചതെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. എന്നാൽ ഗെഹ്ലോട്ട് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുളള ഒരാളെയാണ് കോൺഗ്രസ് നോക്കുന്നതെന്നും വൃത്തങ്ങൾ പറഞ്ഞു. പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് വരാൻ ഏറ്റവും യോഗ്യൻ രാഹുൽ ഗാന്ധിയാണെന്നും ഗെഹ്ലോട്ട് അഭിപ്രായപ്പെട്ടു. 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിലെ കനത്ത തോൽവി ഏറ്റുവാങ്ങിയതിനെ തുടർന്ന് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചിരുന്നു. വീണ്ടും അധ്യക്ഷനാകാനില്ലെന്ന് രാഹുല്‍ ഗാന്ധി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.