ഡൽഹി: ആം ആദ്മി പാർട്ടി എംഎൽഎമാരെ ഭീക്ഷണിപ്പെടുത്തുന്നതായും പാർട്ടിയെ തകർക്കാൻ ബിജെപി കൈക്കൂലി വാഗ്ദാനം ചെയ്യുന്നതായും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. 2021-22ലെ എക്സൈസ് നയം നടപ്പാക്കിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നേരിടുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തനിക്ക് മുഖ്യമന്ത്രി സ്ഥാനം ബിജെപി വാഗ്ദാനം ചെയ്തുവെന്നും ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നാൽ എല്ലാ കേസുകളും പിൻവലിക്കാമെന്നും രണ്ട് ദിവസം മുമ്പ് പറഞ്ഞിരുന്നു. നിയമസഭാംഗങ്ങളായ അജയ് ദത്ത്, സഞ്ജീവ് ഝാ, സോമനാഥ് ഭാരതി, കുൽദീപ് എന്നിവരെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാക്കൾ സമീപിച്ചിട്ടുണ്ടെന്ന് എഎപിയുടെ ദേശീയ വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് പറഞ്ഞു. അവർ പാർട്ടിയിൽ ചേരുകയാണെങ്കിൽ 20 കോടി രൂപയും മറ്റ് എംഎൽഎമാരെ കൂടെ കൊണ്ടുവന്നാൽ 25 കോടി രൂപയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് സിംഗ് ആരോപിച്ചു.
ചില എംഎൽഎമാർ എന്നെ സമീപിച്ചു അവരെ ഭീഷണിപ്പെടുത്തുന്നതായും പാർട്ടിയെ തകർക്കാൻ കോഴ വാഗ്ദാനം ചെയ്തെന്നും ഇത് വളരെ ഗൗരവമുള്ള കാര്യമാണ്. സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് വൈകിട്ട് നാലിന് രാഷ്ട്രീയകാര്യ സമിതി യോഗം ചേരുമെന്നും അരവിന്ദ് കെജ്രിവാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.