ഗാന്ധിനഗര്‍: ഗുജറാത്തിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി ആര് പാട്ടീലിൻ്റെ സാന്നിധ്യത്തിലാണ് മഹേന്ദ്രസിംഗ് ബരയ്യ ബിജെപി അംഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച ബരയ്യ, തൻ്റെ പ്രദേശത്തിൻ്റെ വികസനത്തിനായി ബിജെപി സർക്കാർ പ്രവർത്തിച്ചിട്ടുണ്ടെന്നും വികസനത്തിന് ഊന്നൽ നൽകുന്നതിനാലാണ് താൻ ഭരണകക്ഷിയിൽ ചേരുന്നതെന്നും പറഞ്ഞു. രണ്ട് മുതിർന്ന കോൺഗ്രസ് നേതാക്കളും മുൻ സംസ്ഥാന മന്ത്രിമാരും ഭരണകക്ഷിയിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് ബരയ്യയും ബിജെപിയിൽ ചേരുന്നത്. ഗുജറാത്തിലെ പ്രന്തിജ് മണ്ഡലത്തില്‍ 2012-17 കാലഘട്ടത്തില്‍ കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു അദ്ദേഹം. അദ്ദേഹത്തോടൊപ്പം പ്രന്തിജ് മേഖലയിലെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. ഉപാധികള്‍ ഒന്നുമില്ലാതെയാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നത്. അതിനാല്‍ തന്നെ പാര്‍ട്ടി ഏത് ഉത്തരവാദിത്വം ഏല്‍പ്പിച്ചാലും നിര്‍വഹിക്കാന്‍ ബാധ്യസ്ഥനാണെന്നും ബരയ്യ കൂട്ടിച്ചേര്‍ത്തു. 2017ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ബരയ്യ നിലവിലെ ഗുജറാത്ത് സര്‍ക്കാരിലെ മന്ത്രിയായ ബിജെപിയുടെ ഗജേന്ദ്രസിംഗ് പര്മിനോട് പരാജയപ്പെടുകയായിരുന്നു. 1988 നും 2006 നും ഇടയിൽ ഗുജറാത്തിൽ നിന്ന് മൂന്ന് തവണ കോൺഗ്രസ് രാജ്യസഭാ എംപിയായ രാജു പർമറും മെഹ്സാനയിലെ വിജാപൂർ നിയമസഭാ സീറ്റിൽ നിന്ന് മൂന്ന് തവണ എംഎൽഎയായ നരേഷ് റാവലും ഓഗസ്റ്റ് 17 ന് ബിജെപിയിൽ ചേർന്നിരുന്നു. മെയ് 3 ന് സിറ്റിംഗ് കോൺഗ്രസ് എംഎൽഎയും ഗോത്രവർഗ നേതാവുമായ അശ്വിൻ കോട്വാൾ ബിജെപിയിൽ അംഗത്വം എടുത്തിരുന്നു.