യൂണിഫോം ധരിക്കാത്തതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ദളിത് പെൺകുട്ടിയെ മർദ്ദിക്കുകയും സ്കൂളിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ഭദോഹിയിലാണ് സംഭവം. ജാതീയമായി അധിക്ഷേപിച്ചാണ് പുറത്താക്കിയത്. സംഭവത്തിൽ മുൻ ഗ്രാമത്തലവനായ പ്രധാൻ മനോജ് കുമാർ ദുബെയ്ക്കെതിരെ പോലീസ് കേസ് എടുത്തു. പ്രതി ഉദ്യോഗസ്ഥനോ അധ്യാപകനോ അല്ല, എന്നിട്ടും ദിവസവും സ്‌കൂളിൽ പോകുകയും അധ്യാപകരോടും കുട്ടികളോടും മോശമായി പെരുമാറുകയും ചെയ്യാറുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പെൺകുട്ടി യൂണിഫോം ധരിക്കാത്തതിനെ കുറിച്ച് ദുബെ തിങ്കളാഴ്ച ചോദ്യംചെയ്തിരുന്നു അച്ഛൻ വാങ്ങിത്തരുമ്പോൾ താൻ ധരിക്കുമെന്ന് പെൺകുട്ടി മറുപടിയും നൽകി ഇത് കേട്ട ദുബെ പെൺകുട്ടിയെ മർദിക്കുകയും, അവൾക്കെതിരെ ജാതി അധിക്ഷേപം നടത്തുകയും സ്കൂളിൽ നിന്ന് പുറത്താക്കുകയും ചെയ്തതായി ചൗരി പോലീസ് സ്റ്റേഷൻ ഇൻചാർജ് ഗിരിജ ശങ്കർ യാദവ് പറഞ്ഞു.
പെൺകുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, പ്രതിക്കെതിരെ ആക്രമണത്തിനും ഭീഷണിപ്പെടുത്തിയതിനും പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) ആക്‌ട് പ്രകാരവും കേസെടുത്തിട്ടുണ്ടെന്നും യാദവ് പറഞ്ഞു. ബിജെപി ഭരണത്തിന് കീഴിൽ ഉത്തർപ്രദേശിൽ ദളിതർക്ക് നേരെയുള്ള ആക്രമണങ്ങൾ ദിനം പ്രതി വർധിച്ചുവരികയാണ്. നേരത്തെ രാജസ്ഥാനിൽ അധ്യാപകന്റെ കുടിവെള്ള പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിനാണ് ദളിത് വിദ്യാർത്ഥിയായ ഒൻപത് വയസുകാരനെ അധ്യാപകൻ ചെയിൽ സിംഗ് ക്രൂരമായി കൊലപ്പെടുത്തിയിരുന്നു.