രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ’ യാത്ര ഗുജറാത്തില്‍ പ്രവേശിക്കില്ല. കന്യാകുമാരിയില്‍ ആരംഭിച്ച് കശ്മീരില്‍ അവസാനിക്കുന്ന യാത്ര ഗുജറാത്തില്‍ പ്രവേശിക്കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. പര്യടനത്തില്‍ ഗുജറാത്തിനെക്കൂടി ഉള്‍പ്പെടുത്തിയാല്‍ യാത്ര നിശ്ചയിച്ച സമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഗുജറാത്തിനെ ഒഴിവാക്കിയതില്‍ ചില നേതാക്കള്‍ക്ക് വിയോജിപ്പുണ്ട്. ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി സംഘടനാ സംവിധാനം ശക്തമാക്കാന്‍ ഭാരത് ജോഡോ യാത്ര ഗുജറാത്തിലും പര്യടനം നടത്തണമെന്നാണ് ഈ നേതാക്കളുടെ നിലപാട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിൻ്റെ ചരിത്രത്തിലെ നിര്‍ണായകമായ ദേശീയ ജാഥ ഗുജറാത്തില്‍ പര്യടനം നടത്തിയില്ലെങ്കില്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നും ഈ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു
അതേസമയം ജാഥയുടെ പ്രചാരണം മുഴുവന്‍ പ്രൊഫഷണല്‍ മാര്‍ക്കറ്റിംഗ് കമ്പനിയാകും നടത്തുക. തീന് ബന്തര്‍ എന്ന പ്രൊഫഷണല്‍ മാര്‍ക്കറ്റിംഗ് കമ്പനിയാകും സോഷ്യല്‍ മീഡിയയിലടക്കം പ്രചരണത്തിന് നേതൃത്വം നല്‍കുക. മുന്‍പ് വിവിധ തെരഞ്ഞെടുപ്പുകളിലും ഇത്തരം പി ആര് കമ്പനികളുടെ സേവനം കോണ്‍ഗ്രസ് ഉപയോഗിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 7ന് ആരംഭിക്കുന്ന ‘ഭാരത് ജോഡോ’ യാത്ര ഡിസംബറിലാണ് സമാപിക്കുക.